BREAKING NEWSKERALA

‘അതൊന്നും പ്രത്യേകിച്ച് ഓര്‍മിപ്പിക്കേണ്ട കാര്യമില്ല’: ജി.സുധാകരന് ചിത്തരഞ്ജന്റെ മറുപടി

ആലപ്പുഴ: മുന്‍ സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ ഓര്‍ക്കാത്തതു വികസന ചരിത്രത്തെ കാണാതിരിക്കലാണെന്ന മുന്‍മന്ത്രി ജി.സുധാകരന്റെ വിമര്‍ശനത്തിന്, ‘അതൊന്നും പ്രത്യേകിച്ച് ഓര്‍മിപ്പിക്കേണ്ട കാര്യമില്ല’ എന്ന് പി.പി. ചിത്തരഞ്ജന്‍ എംഎല്‍എയുടെ മറുപടി. ആലപ്പുഴ നഗരത്തിലെ രണ്ടു പാലങ്ങളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണു സിപിഎം നേതാക്കള്‍ തമ്മിലുള്ള വാക്‌പോര്.
ഫെയ്‌സ്ബുക് കുറിപ്പില്‍, മാധ്യമങ്ങളെ ഓര്‍മപ്പെടുത്തുന്നു എന്ന രീതിയിലാണു കഴിഞ്ഞ ദിവസം ജി.സുധാകരന്‍ മുന്‍ സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ പരാമര്‍ശിച്ചത്. എന്നാല്‍, അതിലെ ചില പരാമര്‍ശങ്ങള്‍ പാര്‍ട്ടിയിലെ ചിലരെ ഉന്നം വച്ചാണെന്നു വ്യാഖ്യാനമുണ്ടായി. തുടര്‍ന്നാണു പാലം ഉദ്ഘാടനത്തെപ്പറ്റി വിശദീകരിക്കുന്നതിനിടെ മാധ്യമങ്ങളുടെ ഇതു സംബന്ധിച്ച ചോദ്യത്തിനോട് ചിത്തരഞ്ജന്‍ കടുത്ത ഭാഷയില്‍ മറുപടി നല്‍കിയത്. അതോടെ മാധ്യമ വിമര്‍ശനമെന്ന തലം മാറി അതു പാര്‍ട്ടിയിലെ ഇരുപക്ഷങ്ങള്‍ തമ്മിലുള്ള പരസ്യ പോരായി.
ജില്ലാ സിപിഎമ്മില്‍ മന്ത്രി സജി ചെറിയാനെ അനുകൂലിക്കുന്ന വിഭാഗത്തോട് എതിര്‍പ്പുള്ളവരാണു ജി.സുധാകരനും ചിത്തരഞ്ജനും. പക്ഷേ ഇരുവരും തമ്മിലുള്ള വിയോജിപ്പ് ഇപ്പോഴും മാറിയിട്ടില്ല എന്നതിന്റെ പരസ്യ സൂചനയായി ഇപ്പോഴത്തെ വാഗ്വാദം. മുന്‍ സര്‍ക്കാര്‍ തുടങ്ങിവച്ച പദ്ധതികള്‍ ഇപ്പോള്‍ പൂര്‍ത്തിയാകുമ്പോള്‍, അന്നു മന്ത്രിയായിരുന്ന ജി.സുധാകരനെ അവഗണിക്കുന്നു എന്ന വികാരം അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പങ്കുവയ്ക്കുന്നുണ്ട്. എന്നാല്‍, അര്‍ഹമായ ബഹുമാനം നല്‍കുന്നുണ്ടെന്നാണു മറുപക്ഷത്തിന്റെ വാദം.

ജി.സുധാകരന്‍ പറഞ്ഞത്:
മുന്‍ സര്‍ക്കാര്‍ തുടങ്ങിവച്ച പദ്ധതികള്‍ ഓര്‍ക്കാതിരിക്കുന്നതു ശരിയല്ല. ഇപ്പോള്‍ പദ്ധതികള്‍ ഉദ്ഘാടനത്തിന് ഒരുങ്ങുമ്പോള്‍ തുടരെ വരുന്ന വാര്‍ത്തകളില്‍, മുന്‍ സര്‍ക്കാരാണ് ഇതെല്ലാം നല്‍കിയതെന്ന ചെറു സൂചന പോലുമില്ല. അതു വികസന ചരിത്രത്തെ കാണാതിരിക്കലാണ്.

ചിത്തരഞ്ജന്റെ മറുപടി:
മുന്‍ സര്‍ക്കാര്‍ തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങളെപ്പറ്റി പ്രത്യേകിച്ച് ഓര്‍മിപ്പിക്കേണ്ട കാര്യമില്ല. ഒന്നാം പിണറായി സര്‍ക്കാരാണു പാലങ്ങളുടെ പണി തുടങ്ങിയതെങ്കിലും രണ്ടാം പിണറായി സര്‍ക്കാരാണു പൂര്‍ത്തിയാക്കിയത്. അതു ജനാധിപത്യത്തിന്റെ ഭാഗമാണ്. വികസനം സ്തംഭിച്ചാല്‍ വിമര്‍ശിക്കാം. ജനപ്രതിനിധിയുടെ അശ്രദ്ധയോ ജാഗ്രതയില്ലായ്മയോ ആണെന്നു പറയാം. ഇക്കാര്യത്തില്‍ അങ്ങനെയൊന്നും പറയാനാകില്ല. മുന്‍ഗാമികള്‍ തുടങ്ങിവച്ചതു പൂര്‍ത്തിയാക്കാനാണു ശ്രമിക്കുന്നത്. അവരെ ബഹുമാനിക്കുന്നു. സുധാകരനെ അര്‍ഹിക്കുന്ന ബഹുമാനത്തോടെയാണു കാണുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker