മുംബൈ: ബിജെപിക്കൊപ്പം ചേര്‍ന്ന എന്‍സിപി നേതാവ് അജിത് പവാറിനെ പിന്തുണച്ച് ശരദ് പവാര്‍. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ ഞങ്ങളുടെ നേതാവാണ്. എന്‍സിപിയില്‍ പിളര്‍പ്പില്ലെന്നും ശരദ് പവാര്‍ ബാരാമതിയില്‍ പറഞ്ഞു.
ദേശീയതലത്തില്‍ ഒരു വലിയ വിഭാഗം എന്‍സിപി വിട്ടുപോയാലേ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാകൂ. നിലവില്‍ പാര്‍ട്ടിയില്‍ അത്തരമൊരു സാഹചര്യമില്ല. അജിത് പവാറുമായി തര്‍ക്കങ്ങളില്ലെന്നും ശരദ് പവാര്‍ പറഞ്ഞു.
സംസ്ഥാന തലത്തില്‍ പാര്‍ട്ടിയിലെ ചിലര്‍ വ്യത്യസ്ഥ നിലപാട് സ്വീകരിച്ചതു മാത്രമാണ്. അതൊരു ചെറിയ വിഷയമാണ്. ജനാധിപത്യത്തില്‍ അങ്ങനെയാകാമെന്നും ശരദ് പവാര്‍ പറഞ്ഞു.
കഴിഞ്ഞ ജൂലൈയിലാണ് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി എംഎല്‍എമാര്‍ ശരദ്പവാറുമായി തെറ്റി ബിജെപി ക്യാമ്പിലേക്ക് പോയത്. പിന്നാലെ അജിത് പവാര്‍ ഏക്‌നാഥ് ഷിന്‍ഡെ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുകയും ചെയ്തിരുന്നു.
ശരദ് പവാറിന്റെ പ്രസ്താവന രാഷ്ട്രീയകേന്ദ്രങ്ങള്‍ രണ്ടു തരത്തിലാണ് വ്യാഖ്യാനിക്കുന്നത്. എന്‍സിപിയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് ചിഹ്നവും പേരും തമ്മിലുള്ള തര്‍ക്ക കേസ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിലുണ്ട്.
ഈ സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ തര്‍ക്കമില്ലെന്നും യഥാര്‍ത്ഥ പാര്‍ട്ടി തന്റേതാണെന്നും പവാര്‍ വ്യക്തമാക്കാനാണ് പ്രസ്താവനയിലൂടെ സൂചിപ്പിക്കുന്നതെന്നാണ് ഒരു വാദം.
അതേസമയം അജിത് പവാറിനൊപ്പം ബിജെപി ക്യാമ്പിലേക്ക് പോകാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായുള്ള പ്രസ്താവനയാണിതെന്നാണ് മറുവാദം. ശരദ് പവാറിന്റെ നീക്കങ്ങള്‍ കോണ്‍ഗ്രസ്, ശിവസേന അടക്കമുള്ള പാര്‍ട്ടികള്‍ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്.