തിരുവനന്തപുരം: ഇന്ന് മുതല്‍ ഓണകിറ്റ് വിതരണം വേഗത്തിലാക്കുമെന്ന് സപ്ലൈക്കോ. ഇന്നലെ പല ജില്ലകളിലും ഒരു കിറ്റ് പോലും നല്‍കാനാകാതിരുന്ന സാഹചര്യത്തിലാണ് സപ്ലൈക്കോയുടെ നടപടി. കിറ്റിലെ മില്‍മയുടെ പായസകൂട്ട് സമയത്തിന് എത്താതിരുന്നതായിരുന്നു പ്രധാനപ്രശ്‌നം. തിരുവനന്തപുരം, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഭാഗികമായെങ്കിലും ഇന്നലെ കിറ്റ് വിതരണം ചെയ്യാന്‍ കഴിഞ്ഞത്. ഇന്ന് മുതല്‍ ഓരോ ജില്ലകളിലേയും കിറ്റ് വിതരണത്തിന്റെ പുരോഗതി അറിയിക്കാന്‍ ഭക്ഷ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇന്നലെ മുതല്‍ ആളുകള്‍ കിറ്റ് വാങ്ങാനെത്തുന്നുണ്ടെങ്കില്ലും വാങ്ങാന്‍ കഴിയാതെ മടങ്ങി പോകുന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. സംസ്ഥാനത്ത് 5.84 ലക്ഷം മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് മാത്രമായി കിറ്റ് വിതരണം പരിമിതപ്പെടുത്താനുള്ള തീരുമാനമായിരുന്നു സപ്ലൈക്കോ നേരത്തെ എടുത്തിട്ടുണ്ടായിരുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നായിരുന്നു കിറ്റ് വിതരണം ഇത്തവണ സര്‍ക്കാര്‍ പരിമിതപ്പെടുത്തിയത്. മഞ്ഞകാര്‍ഡുള്ളവര്‍ക്ക് പുറമെ അനാഥാലയങ്ങളിലും അഗതി മന്ദിരങ്ങളിലും കഴിയുന്ന 20000 പേര്‍ക്കും കൂടി ഓണക്കിറ്റുണ്ടാകുമെന്നും സപ്ലൈക്കോ അറിയിച്ചിരുന്നു.
തേയിലയും വെളിച്ചെണ്ണയും പായസക്കൂട്ടും മുതല്‍ പൊടിയുപ്പു വരെ 13 ഇനങ്ങള്‍ നല്‍കാനാണ് സപ്ലൈക്കോയുടെ തീരുമാനം. തുണി സഞ്ചിയുള്‍പ്പെടെ പതിനാലിനം സാധനങ്ങളാണ് കിറ്റില്‍ ഉണ്ടായിരിക്കുക. കഴിഞ്ഞ വര്‍ഷം 93 ലക്ഷം കാര്‍ഡ് ഉടമകളില്‍ 87 ലക്ഷം കാര്‍ഡുടമകള്‍ക്ക് കിറ്റ് നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നു. കൊവിഡിന് ശേഷമുള്ള ആദ്യ ഓണക്കാലവും അതിന്റെ ബുദ്ധിമുട്ടുകളും കണക്കിലെടുത്താണ് അത്ര വിപുലമായ രീതിയില്‍ കിറ്റ് നല്‍കിയതെന്നും ഇത്തവണ അങ്ങനെ ഒരു സാഹചര്യം ഇല്ലെന്നുമാണ് ഭക്ഷ്യ വകുപ്പ് പറയുന്നത്.