BREAKING NEWSKERALA

താനൂര്‍ കസ്റ്റഡി മരണം: നാല് പൊലീസുകാരെ കൂടി പ്രതി ചേര്‍ത്ത് ക്രൈംബ്രാഞ്ച്

മലപ്പുറം: താനൂര്‍ കസ്റ്റഡി മരണത്തില്‍ ആദ്യഘട്ട പ്രതിപട്ടിക സമര്‍പ്പിച്ച് ക്രൈം ബ്രാഞ്ച്. പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് നാല് പൊലീസുകാരെ കൂടി ചേര്‍ത്ത് പട്ടിക നല്‍കിയത്. ഇവര്‍ എസ്പിക്ക് കീഴിലെ പ്രത്യേക ലഹരിവിരുദ്ധ സ്‌ക്വാഡിലെ(ഡാന്‍സാഫ്) ഉദ്യോഗസ്ഥരാണ്. വിപിന്‍, ആല്‍ബിന്‍ അഗസ്റ്റിന്‍, ജിനീഷ്, അഭിമന്യു എന്നിവരെയാണ് പ്രതി ചേര്‍ത്തത്. നാലു പൊലീസുകാര്‍ക്കെതിരെയും കൊലക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്.
ഒന്നാം പ്രതി താനൂര്‍ സ്റ്റേഷനിലെ എസ് സിപിഒ ജിനേഷ്, രണ്ടാം പ്രതി പരപ്പനങ്ങാടി സ്റ്റേഷനിലെ സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി കല്‍പ്പകഞ്ചേരി സ്റ്റേഷനിലെ സിപിഒ അഭിമന്യു, നാലാം പ്രതി തിരൂരങ്ങാടി സ്റ്റേഷനിലെ സിപിഒ വിപിന്‍ എന്നിങ്ങനെയാണ് പ്രതിപ്പട്ടിക. നാല് പേരും നിലവില്‍ സസ്പെന്‍ഷനിലാണ്. ലഹരിമരുന്ന് കേസില്‍ പിടിയിലായ തിരൂരങ്ങാടി സ്വദേശി താമിര്‍ ജിഫ്രി കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട കേസിലാണ് നടപടി.
നേരത്തെ 8 പോലീസുകാരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. തൃശൂര്‍ റേഞ്ച് ഡിഐജിയുടേതാണ് നടപടി. താനൂരില്‍ പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച താമിര്‍ ജിഫ്രിക്ക് മര്‍ദ്ദനമേറ്റെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.
കെമിക്കല്‍ ലാബ് റിപ്പോര്‍ട്ട് വന്ന ശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാന്‍ കഴിയൂ. ഇയാളുടെ ആമാശയത്തില്‍ നിന്ന് ക്രിസ്റ്റല്‍ രൂപത്തിലുളള വസ്തു അടങ്ങിയ 2 പ്ലാസ്റ്റിക് കവറുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് എംഡിഎംഎയാണോ എന്നാണ് സംശയം.
താമിറിനെയും മറ്റ് നാല് പേരെയും എംഡിഎംഎയുമായി കഴിഞ്ഞ ദിവസം പുലര്‍ച്ചെ 1.45 ഓടെയാണ് താനൂരില്‍ നിന്നും പിടികൂടിയതെന്നാണ് പോലീസ് പറയുന്നത്. ലോക്കപ്പില്‍ വെച്ച് ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടായെന്ന് പുലര്‍ച്ചെ കൂടെ ഉള്ളവര്‍ അറിയിച്ചെന്നും നാലരയോടെ സ്വകാര്യ ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരണം സംഭവിച്ചുവെന്നുമാണ് പോലീസ് പറയുന്നത്.
ഇതിന് പിന്നാലെ ആശുപത്രിയില്‍ എത്തിച്ച് അഞ്ച് മണിക്കൂറുകള്‍ക്ക് ശേഷം മാത്രമാണ് ബന്ധുക്കളെ വിവരം അറിയിച്ചതെന്നും സംഭവത്തില്‍ ദുരൂഹത ഉണ്ടെന്നുമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പോലീസ് നടപടിക്രമങ്ങളില്‍ വീഴ്ച പറ്റിയോയെന്ന് അന്വേഷിക്കുമെന്ന് മലപ്പുറം എസ്പി അറിയിച്ചു. അസ്വഭാവിക മരണം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും. സംഭവത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker