കൊച്ചി: വ്യാജരേഖ കേസില്‍ മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുടെ അറസ്റ്റില്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് എറണാകുളം ജില്ലാ കോടതി. മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതിയുടെ പരിഗണനയിലിരിക്കെ നിലമ്പൂരില്‍ വെച്ച് അറസ്റ്റ് ചെയ്ത നടപടിയാണ് കോടതി വിമര്‍ശനത്തിന് കാരണം. അന്വേഷണ ഉദ്യോഗസ്ഥന്‍ അനാവശ്യ തിടുക്കം കാട്ടിയെന്ന് പറഞ്ഞ കോടതി ഷാജന്‍ സ്‌കറിയയെ ചോദ്യം ചെയ്ത് ഉടന്‍ തന്നെ ജാമ്യത്തില്‍ വിട്ടയക്കാനും നിര്‍ദ്ദേശിച്ചു.
അടിയന്തരമായി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ഗുരുതര കുറ്റം തൃക്കാക്കര പൊലീസ് എടുത്ത വ്യാജ രേഖ കേസില്‍ ഇല്ലെന്ന് നിരീക്ഷിച്ചാണ് ഷാജന്‍ സ്‌കറിയെ ഇന്നലെ തന്നെ വിട്ടയക്കാന്‍ കോടതി ഉത്തരവിട്ടത്. മൂന്ന് വര്‍ഷം മുന്‍പ് നടന്ന് സംഭവത്തില്‍ റജിസ്ട്രാര്‍ ഓഫ് കമ്പനീസ് പരാതി പോലും നല്‍കിയിട്ടില്ല. മൂന്നാമതൊരു കക്ഷിയാണ് പരാതിക്കാരന്‍. അന്വേഷണ ഉദ്യോഗസ്ഥന്‍ ഇക്കാര്യത്തില്‍ തിടുക്കം കാട്ടിയെന്നും എറണാകുളം അഡിഷണല്‍ സെഷന്‍സ് ജഡ്ജ് പികെ മോഹന്‍ദാസ് നിരീക്ഷിച്ചു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയാണ് ഷാജന്‍ സ്‌കറിയയോട് നിലമ്പൂരില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചത്. മാത്രമല്ല ജില്ലാ കോടതിയുടെ പരിഗണനയിലാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി. കോടതി ഉത്തരവിനെ പരിഹസിക്കുകയാണ് പൊലീസ് ചെയ്തത്.
അറസ്റ്റ് രേഖപ്പെടുത്തിയത് കൊണ്ട് മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഇല്ലാതാകില്ലെന്ന് നിരീക്ഷിച്ച കോടതി പൊലീസിന്റെ ദുരുദ്ദേശം ഈ നടപടിയില്‍ വ്യക്തമാണെന്നും ഉത്തരവില്‍ പറഞ്ഞു. ആഭ്യന്തര കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന പേരില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസെടുത്ത കേസിലും കോടതി ഷാജന്‍ സ്‌കറിയയക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയിട്ടുണ്ട്.