ഓണക്കോടിയും, പൂക്കളവും, സദ്യവും, ഓണക്കളികളുമൊക്കെയായി ഒത്തുകൂടലിന്റെ ആഘോഷത്തിമിർപ്പിലാണ് മലയാളികളെല്ലാം. നാടെങ്ങും ഓണ ലഹരി നിറഞ്ഞിരിക്കുകയാണ്. സദ്യ വിളമ്പാൻ വാഴയില മുതൽ പൂക്കളമിടാനുള്ള ബന്ദിയും ജമന്തിയും വരെ നിരത്തുകളിൽ കാണാം. ഓണാവേശം വീടുകളിലെത്തിക്കാനുള്ള അവസാനവട്ട ഓട്ടമാണ് ഇന്ന്, ഏറെ പ്രിയപ്പെട്ട ഉത്രാടപ്പാച്ചിൽ.
സംസ്ഥാനസർക്കാർ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന് ഇന്നലെ തുടക്കമായി. മാനുഷ്യർ എല്ലാവരും ഒന്നുപോലെ എന്ന പഴയ സങ്കൽപ്പത്തിനെ പ്രാവർത്തികമാക്കാൻ ശ്രമിക്കുകയാണ് നാമെന്നും നമുക്ക് ഇനിയും മുന്നോട്ടു പോകേണ്ടതുണ്ടെന്നും ഓണം വാരാഘോഷം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സൗജന്യ ഓണക്കിറ്റ്
സർക്കാരിന്റെ സൗജന്യ ഓണക്കിറ്റായിരുന്നു ഈ ഓണക്കാലത്ത് ഏറ്റവുമധികം ചർച്ചയായത്. സാമ്പത്തിക പ്രതിസന്ധി കാരണം മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കു മാത്രമായി ഇത്തവണ ഓണക്കിറ്റ് പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ കിറ്റ് വിതരണം പൂർത്തിയാകില്ലെന്ന ആശങ്കയാണ് നിലനിൽക്കുന്നത്. 5.87 ലക്ഷം മഞ്ഞ കാർഡ് ഉടമകളിൽ ഇന്നലെ വരെ കിറ്റ് ലഭിച്ചത് 2,59,639 പേർക്കാണ്. ബാക്കി മൂന്ന് ലക്ഷത്തിലേറെ പേർക്ക് ഇന്നുകൊണ്ട് കിറ്റ് വിതരണം പൂർത്തിയാക്കണം. നാളെ മുതൽ 31 വരെ റേഷൻ കടകൾക്ക് അവധിയാണ്.
ഓണം കറുക്കില്ല, ചൂട് കുറയത്തുമില്ല
എല്ലാവർഷവും ഓണത്തിന് മഴയെയാണ് പേടിക്കുന്നതെങ്കിൽ ഇക്കുറി ചൂടിനോടാണ് പോരാട്ടം. സംസ്ഥാനത്ത് കാലവർഷം മാറിനിൽക്കുന്നതിനു പിന്നാലെ ഉയർന്ന താപനില മുന്നറിയിപ്പുമുണ്ട്. പൊതുജനങ്ങൾ പകൽ 11 am മുതൽ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നാണ് നിർദേശം.