Uncategorized

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസ്: എ സി മൊയ്തീന്‍ നാളെ ഹാജരാകില്ല

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ നാളെ ഇഡിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് മുന്‍മന്ത്രിയും സിപിഎം നേതാവുമായ എ സി മൊയ്തീന്‍. അസൗകര്യം ചൂണ്ടിക്കാട്ടി മൊയ്തീന്‍ ഇഡിക്ക് കത്തു നല്‍കി. മറ്റൊരു ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാമെന്നും മൊയ്തിന്‍ ഇഡിയെ അറിയിച്ചു.

ഹാജരാകുമ്പോള്‍ പത്തു വര്‍ഷത്തെ ആദായ നികുതി അടച്ചതിന്റെ രേഖകള്‍ ഹാജരാക്കണമെന്ന് മൊയ്തീന് ഇഡി നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവധിയായതിനാല്‍ ബന്ധപ്പെട്ട രേഖകള്‍ ലഭിച്ചിട്ടില്ലെന്നും അതിനാല്‍ ഹാജരാകുന്നതിന് സാവകാശം വേണമെന്നും മൊയ്തീന്‍ ഇഡിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നാളെ കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടിരുന്നത്. കേസുമായി ബന്ധപ്പെട്ട് മൊയ്തിന്റെ വീട്ടിൽ ഉൾപ്പെടെ ഇഡി റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിനെത്തുടര്‍ന്ന് പതിനഞ്ചു കോടിയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടിയെന്ന് ഇഡി വ്യക്തമാക്കി. 28 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം മരവിപ്പിച്ചതായും ഇഡി അറിയിച്ചു.

മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു കരീമും മൊയ്തീനുമായി പണമിടപാടുമായി ബന്ധപ്പെട്ട് ഫോണ്‍സംഭാഷങ്ങള്‍ നടന്നതായും മൊയ്തീന്‍ നിര്‍ദേശിക്കുന്നവര്‍ക്ക് കോടിക്കണക്കിന് രൂപ വായ്പ അനുവദിച്ചതായും ഇഡി പറയുന്നു. മൊയ്തീനെ കൂടാതെ അനില്‍ സുഭാഷ്, സതീഷ്, ഷിജു, റഹീം എന്നിവരുടെ വീട്ടിലാണ് റെയ്ഡ് നടന്നത്. ഇവര്‍ മൊയ്തീന്റെ ബിനാമികളായിരുന്നുവെന്നാണ് ഇഡി സംശയിക്കുന്നത്.

ബാങ്കില്‍നിന്ന് 150 കോടി രൂപ ബിനാമി ഇടപാടിലൂടെ തട്ടിയെടുത്തെന്ന കേസിലാണ് അന്വേഷണം. ബിനാമികളെന്ന് സംശയിക്കുന്നവരുമായി മൊയ്തീന് നിരന്തര ബന്ധമുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ക്രമക്കേടുകള്‍ നടത്താനായി കരുവന്നൂര്‍ സഹകരണ ബാങ്കില്‍ രണ്ടു രജിസ്റ്ററുകള്‍ ഉണ്ടായിരുന്നതായും കണ്ടെത്തി. ബിനാമികള്‍ എന്ന് പറയപ്പെടുന്നവര്‍ക്ക് മൊയ്തീന്റെ സ്വാധീനത്തില്‍ 45 കോടിയോളം രൂപ വായ്പ നല്‍കിയിട്ടുണ്ടെന്ന് ഇഡി കണ്ടെത്തിയിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker