BREAKING NEWSENTERTAINMENTKERALAMALAYALAM

കള്ളപ്പണക്കേസ്: അറസ്റ്റിലായ ഉദ്യോഗസ്ഥനില്‍ നിന്ന് സമ്മാനം സ്വീകരിച്ചു, നവ്യ നായരെ ചോദ്യം ചെയ്ത് ഇഡി

മുംബൈ: കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ഇന്ത്യന്‍ റവന്യു സര്‍വീസ് (ഐആര്‍എസ്) ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്തില്‍ നിന്ന് നടി നവ്യ നായര്‍ ആഭരണങ്ങള്‍ കൈപ്പറ്റിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കണ്ടെത്തല്‍. തങ്ങള്‍ സുഹൃത്തുക്കളായിരുന്നെന്നും സൗഹൃദത്തിന്റെ പേരില്‍ നല്‍കിയ സമ്മാനങ്ങള്‍ സ്വീകരിച്ചതല്ലാതെ മറ്റൊന്നിലും പങ്കാളിയല്ലെന്നുമാണ് നവ്യ നായര്‍ ഇഡിക്ക് നല്‍കിയ മൊഴി. നവ്യയെ കൊച്ചിയില്‍ സച്ചിന്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തിലുണ്ട്.
ലക്‌നൗവില്‍ കസ്റ്റംസ് അഡിഷനല്‍ കമ്മിഷണര്‍ ആയിരിക്കെ കളളപ്പണക്കേസില്‍ ജൂണിലാണ് സച്ചിന്‍ സാവന്തിനെ ഇഡി അറസ്റ്റ് ചെയ്തത്. അതിനു മുന്‍പ് മുംബൈയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ ഡപ്യുട്ടി ഡയറക്ടര്‍ ആയിരിക്കെ സച്ചിന്‍ സാവന്ത് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണിത്. ബെനാമി സ്വത്തും ഇദ്ദേഹത്തിനു പങ്കാളിത്തമുള്ള സ്ഥാപനങ്ങളും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കൃത്യമായ സ്രോതസ്സ് കാണിക്കാതെ 1.25 കോടി രൂപയുടെ ബാങ്ക് നിക്ഷേപവും ഉണ്ടെന്നാണ് ഇഡിയുടെ ആരോപണം. വാട്‌സാപ് ചാറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനിടെയാണ് നവ്യ നായരുമായുള്ള സൗഹൃദം അന്വേഷണ ഏജന്‍സി കണ്ടെത്തിയത്.
ഐആര്‍എസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്തിനെ ഒരേ റസിഡന്‍ഷ്യല്‍ സൊസൈറ്റിയിലെ താമസക്കാര്‍ എന്ന നിലയില്‍ പരിചയമുണ്ടെന്നു നടി നവ്യ നായരുടെ കുടുംബം പറഞ്ഞു. ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നതിനായി അദ്ദേഹത്തിനു പലവട്ടം സൗകര്യം ചെയ്തു കൊടുത്തിട്ടുണ്ട്. നവ്യയുടെ മകന്റെ ജന്മദിനത്തിനു സച്ചിന്‍ സമ്മാനം നല്‍കിയിട്ടുണ്ട്. എന്നാല്‍, നവ്യയ്ക്ക് ഉപഹാരങ്ങളൊന്നും നല്‍കിയിട്ടില്ല. ഇക്കാര്യങ്ങളെല്ലാം ഇഡിയെ അറിയിച്ചിട്ടുണ്ടെന്നും കുടുംബം പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker