തിരുവനന്തപുരം: ഉപലോകയുക്തമാര്‍ക്കെതിരെ ഗുരുതര പരാതിയുമായി സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി. മുന്‍ എംഎല്‍എ കെ കെ രാമചന്ദ്രന്റെ ജീവചരിത്രം ഉപലോകയുക്ത ജസ്റ്റിസ് ബാബു പി ജോസഫ് പ്രകാശനം ചെയ്‌തെന്നാണ് പരാതി. ഗവര്‍ണര്‍ക്കാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി പരാതി നല്‍കിയിട്ടുള്ളത്. പുസ്തകത്തില്‍ മുന്‍ എംഎല്‍എയുമായുള്ള അടുപ്പം ഉപലോകയുക്തമാരായ ബാബു പി ജോസഫും ഹാറൂണ്‍ അല്‍ റഷീദും എടുത്തു പറയുന്നുണ്ടെന്നും പരാതിയില്‍ പറയുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും രാമചന്ദ്രന്റെ കുടുംബത്തിനും ആനുകൂല്യം കിട്ടിയ കേസ് ലോകയുക്ത പരിഗണനയിലുണ്ട്. ഫണ്ട് വക മാറ്റല്‍ കേസിലെ വിധി പറയല്‍ വിലക്കണം എന്ന ആവശ്യവും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഉയര്‍ത്തിയിട്ടുണ്ട്.
അതേസമയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയതില്‍ ഹര്‍ജിക്കാരന്‍ ആര്‍ എസ് ശശികുമാര്‍ നല്‍കിയ ഇടക്കാല ഹര്‍ജി കഴിഞ്ഞ മാസം ലോകായുക്ത തള്ളിയിരുന്നു. ഹര്‍ജിക്കാരന്‍ വായില്‍ തോന്നിയത് വിളിച്ചു പറഞ്ഞ് നടക്കുകയാണെന്ന് ലോകായുക്ത വിമര്‍ശിച്ചു. തുടര്‍ന്ന് ദുരിതാശ്വാസ നിധി കേസ് മൂന്നംഗ ബഞ്ച് വിധി പറയാന്‍ മാറ്റി. മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ചട്ടങ്ങള്‍ ലംഘിച്ച് പണം വകമാറ്റിയെന്ന കേസ് പരിഗണിക്കുന്നതിനിടെ രൂക്ഷമായ വാദപ്രതിവാദങ്ങളാണ് നടന്നത്.
രണ്ടംഗ ബഞ്ചില്‍ ഭിന്നാഭിപ്രയമുണ്ടായപ്പോഴാണ് കേസ് മൂന്നംഗ ബഞ്ചിന് വിട്ടത്. ഹര്‍ജി ലോകായുക്തയില്‍ നിലനില്‍ക്കുമോയെന്ന് വീണ്ടും പരിശോധിക്കാനുള്ള മൂന്നംഗ ബഞ്ചിന്റെ തീരുമാനത്തില്‍ വ്യക്തത തേടി ഹര്‍ജിക്കാരന്‍ നല്‍കിയ ഇടക്കാല ഹര്‍ജിയാണ് ലോകായുക്ത തള്ളിയത്. ഹര്‍ജിക്കാരനും അഭിഭാഷകനും എതിരെ ലോകായുക്ത രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.
രണ്ടംഗ വിധിയില്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാണെന്നിരിക്കെ ഹര്‍ജിക്കാരന്റെ നീക്കം കുത്തിത്തിരിപ്പ് ലക്ഷ്യമിട്ടാണ്. ഇത് കോടതിയുടെ സമയം അപഹരിക്കലാണ്. ലോകായുക്ത നിയമം അറിയില്ലെങ്കില്‍ പോയി നിയമം പഠിച്ച് വരണമെന്ന് അഭിഭാഷകനും വിമര്‍ശനം കേട്ടു. കോടതിയെ പോലും മോശമാക്കുന്ന രീതിയിലാണ് അഭിഭാഷകന്റെ വാദമെന്നും ലോകായുക്ത വിമര്‍ശിച്ചിരുന്നു.