BREAKING NEWSKERALA

ദുരിതാശ്വാസനിധി ദുര്‍വിനിയോഗം: ഉപലോകായുക്തമാരെ വിധിപറയുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ഇടക്കാലഹര്‍ജി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ദുരുപയോഗം സംബന്ധിച്ച് ലോകായുക്തയില്‍ ഫയല്‍ ചെയ്തിട്ടുള്ള ഹര്‍ജിയില്‍ വിധിപറയുന്നതില്‍നിന്ന് ഉപലോകായുക്തമാരായ ജസ്റ്റിസ് ഹരുണ്‍ അല്‍ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് എന്നിവരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇടക്കാല ഹര്‍ജി. പരാതിക്കാരനായ ആര്‍.എസ്. ശശി കുമാര്‍ ആണ് ഹര്‍ജി ഫയല്‍ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 11-ന് അവസാന വാദം കേട്ട ലോകായുക്തയുടെ മൂന്ന് അംഗ ബെഞ്ച് ഹര്‍ജ്ജിയില്‍ വാദം പൂര്‍ത്തിയാക്കി ഉത്തരവിനായി മാറ്റിയിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ദുരുപയോഗം സംബന്ധിച്ച് ലോകായുക്തയില്‍ ഫയല്‍ ചെയ്തിട്ടുള്ള ഹര്‍ജിയില്‍ മുഖ്യമായി പരാമര്‍ശിച്ചിട്ടുള്ള സിപിഎമ്മിന്റെ മുന്‍ എംഎല്‍എയുടെ ജീവചരിത്രം പ്രകാശനം ചെയ്യുകയും അദ്ദേഹത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് ഓര്‍മ്മക്കുറിപ്പുകള്‍ എഴുതി പ്രസിദ്ധീകരിക്കുകയും ചെയ്ത ഉപലോകായുക്തമാര്‍ക്ക് ഹര്‍ജ്ജിയില്‍ നിഷ്പക്ഷ വിധിന്യായം നടത്താന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിധിപറയുന്നതില്‍ നിന്ന് ഉപലോകായുക്തമാരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇടക്കാല ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
ദുരിതാശ്വാസനിധിയില്‍ നിന്ന് അനര്‍ഹമായ ആനുകൂല്യം കുടുംബത്തിന് ലഭിച്ചതായി ഹര്‍ജിയില്‍ പരാമര്‍ശിച്ചിട്ടുള്ള പരേതനായ ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എയും സിപിഎം നേതാവുമായിരുന്ന കെ.കെ.രാമചന്ദ്രന്‍ നായരുമായി ഉപലോകയുക്തമാര്‍ക്ക് വിദ്യാര്‍ഥിരാഷ്ട്രീയ കാലംമുതല്‍ അടുത്ത സുഹൃദ്ബന്ധമുണ്ടെന്ന വിവരം ഹര്‍ജ്ജിയില്‍ വാദം പൂര്‍ത്തിയായ ശേഷമാണ് ഹര്‍ജ്ജിക്കാരന് ബോധ്യപ്പെട്ടതെന്നും അദ്ദേഹത്തിന്റെ ജീവചരിത്ര സ്മരണികയില്‍ ഉപലോകയുക്തമാര്‍ രണ്ടുപേരും ഓര്‍മ്മക്കുറിപ്പുകള്‍ എഴുതിയതും ജീവചരിത്രഗ്രന്ഥം പ്രകാശനം ചെയ്തതും മറച്ചുവെച്ച് ഹര്‍ജ്ജിയില്‍ ഇവര്‍ വാദംകേട്ടത് നീതിപീഠത്തിന്റെ ഔന്നിത്യവും നിഷ്പക്ഷതയും ധാര്‍മികതയും നഷ്ടപ്പെടുത്തിയെന്നും ഇടക്കാല ഹര്‍ജ്ജിയില്‍ പറയുന്നു.
വിധിന്യായം പുറപ്പെടുവിക്കുന്നതിനു മുമ്പ്, നീതിന്യായപീഠത്തിന്റെ നിഷ്പക്ഷതയ്ക്ക് കളങ്കമുണ്ടാക്കുന്ന നടപടികള്‍ ലോകയുക്തയുടെ ശ്രദ്ധയില്‍പെടുത്തുന്നതിനാണ് സത്യവാങ്മൂലത്തോടൊപ്പം അഭിഭാഷകനായ പി. സുബൈര്‍കുഞ്ഞ് മുഖേന ഇടക്കാല ഹര്‍ജ്ജി ഫയല്‍ ചെയ്തതെന്ന് ഹര്‍ജ്ജിക്കാരന്‍ പറഞ്ഞു. ഇതു സംബന്ധിച്ച് ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പും ഹര്‍ജ്ജിയോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

Related Articles

Back to top button