ഇരുമുന്നണികളും അഭിമാനപ്പോരിന് ഇറങ്ങിയ പുതുപ്പള്ളിയില്‍ ഇന്ന് വിധിവരാനിരിക്കുകയാണ്. പുതുപ്പള്ളിയില്‍ ഇന്ന് വിധി വരുമ്പോള്‍ ജയിച്ചു കയറുമോയെന്നും എത്ര ഭൂരിപക്ഷമുണ്ടാകുമെന്നുമുള്ള ചോദ്യങ്ങളെ ഒരു പുഞ്ചിരിയോടെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ നേരിട്ടത്. എല്ലാം ഉടനേ അറിയാമല്ലോ എന്ന് മാത്രമായിരുന്നു മാധ്യമങ്ങളോട് ചാണ്ടി ഉമ്മന്റെ പ്രതികരണം. രാവിലെ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയിലെത്തി പ്രാര്‍ത്ഥന നടത്തിയ ശേഷം ചാണ്ടി ഉമ്മന്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിച്ചു. ശേഷം ചാണ്ടി ഉമ്മന്‍ കൗണ്ടിംഗ് സ്റ്റേഷനിലേക്ക് തിരിച്ചു.
രാവിലെ 8 മണി മുതല്‍ ബസേലിയസ് കോളജില്‍ വോട്ടെണ്ണല്‍ ആരംഭിക്കും. കൗണ്ടിംഗ് ഉദ്യോഗസ്ഥര്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. 1,28,535 പേരാണ് പുതുപ്പള്ളിയില്‍ വിധിയെഴുതിയത്. ഇതില്‍ സ്ത്രീവോട്ടര്‍മാരാണ് കൂടുതല്‍. 64,455 പേര്‍ സ്ത്രീകളും 64,078 പേര്‍ പുരുഷന്മാരും രണ്ട് പേര്‍ ട്രന്‍സ്ജന്‍ഡറുമാണ്. രാവിലെ 9 മണിയോടെ തന്നെ ആദ്യ ഫലസൂചനകള്‍ എത്തി തുടങ്ങും.
വോട്ടെണ്ണുന്നതിനായി 20 മേശകളാണ് ക്രമീകരിച്ചിരിക്കുന്നത്. 14 മേശകളില്‍ വോട്ടിംഗ് യന്ത്രം സ്ഥാപിച്ചിട്ടുണ്ട്. അഞ്ച് മേശകളില്‍ തപാല്‍ വോട്ടും ഒരു മേശയില്‍ സര്‍വീസ് വോട്ടുകളും എണ്ണും. 13 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍ നടക്കുക. ആദ്യ റൗണ്ടില്‍ എണ്ണുക 20,000 ത്തോളം വോട്ടുകളാണ് എണ്ണുക. ഒന്ന് മുതല്‍ 14 വരെയുള്ള ബൂത്തുകളിലെ വോട്ടുകളാണ് ആദ്യ റൗണ്ടില്‍ എണ്ണുന്നത്.