പുതുപ്പള്ളി: കോണ്‍ഗ്രസിന്റെ സമുന്നത നേതാവായ ഉമ്മന്‍ ചാണ്ടിയുടെ മരണ ശേഷമുള്ള പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിരിക്കുന്നു. ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അതേസമയം വീണ്ടുമൊരിക്കല്‍ കൂടി പുതുപ്പള്ളി കൈവിട്ടു എന്നത് മാത്രമല്ല എല്‍ഡിഎഫിനെ ആശങ്കപ്പെടുത്തുന്നത്. കഴിഞ്ഞ തവണ ഉമ്മന്‍ ചാണ്ടിയോട് ശക്തമായ മത്സരം കാഴ്ചവെച്ച ജെയ്ക് സി തോമസിന് ഇത്തവണ കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നു. 2021 നിയമസഭാ ഇലക്ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയനെ മുന്‍നിര്‍ത്തിയുള്ള ക്യാപ്റ്റന്‍ പ്രചാരണത്തിന്റെ ശോഭ ഇത്തവണ പുതുപ്പള്ളിയില്‍ കാണാനാകാഞ്ഞതും എല്‍ഡിഎഫിന് തിരിച്ചടിയായി.
പ്രളയ, കൊവിഡ് കയങ്ങളില്‍ നിന്ന് കരകയറാന്‍ കേരളം ശ്രമിക്കുന്നതിനിടെയായിരുന്നു 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ്. ഏത് ആപത്തിലും കേരളത്തെ കൈപിടിച്ച് നടത്താന്‍ ഒരു ക്യാപ്റ്റനും മുഖ്യമന്ത്രിയുമുണ്ടെന്ന പ്രചാരണവാക്യങ്ങളോടെയായിരുന്നു ആ ഇലക്ഷനെ എല്‍ഡിഎഫ് അഭിമുഖീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളമെങ്ങും സഞ്ചരിച്ച് എല്‍ഡിഎഫിന്റെ സ്റ്റാര്‍ ക്യാംപയിനറായി. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ 99 സീറ്റുകളുമായി എല്‍ഡിഎഫ് ചരിത്ര ഭരണത്തുടര്‍ച്ച നേടി. മുന്‍ തെരഞ്ഞെടുപ്പിനേക്കാള്‍ 8 സീറ്റുകളാണ് പിണറായി കളംനിറഞ്ഞ 2021ല്‍ എല്‍ഡിഎഫ് കൂടുതലായി കൈക്കലാക്കിയത്. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്ന് 2023 സെപ്റ്റംബര്‍ എട്ടിന് നടന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഈ ക്യാപ്റ്റനിസം കണ്ടില്ല. ഫലത്തില്‍ എല്‍ഡിഎഫ് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങുകയും ചെയ്തു.
കഴിഞ്ഞ നിയമസഭാ ഇലക്ഷന്‍ പോലെ സംഘടനാ സംവിധാനത്തിന്റെ കരുത്തിലായിരുന്നു എല്‍ഡിഎഫും സിപിഎമ്മും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന് അത്ര കണ്ട് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമാകാനായില്ല. 2021ല്‍ കേരളം ഇറക്കിമറിച്ച് പ്രചാരണം നടത്തിയ പിണറായിക്ക് പുതുപ്പള്ളിയില്‍ കാര്യമായ ആവേശത്തിരമാല സൃഷ്ടിക്കാനായില്ല. സര്‍ക്കാര്‍ അവകാശപ്പെടുന്ന ഭരണനേട്ടങ്ങള്‍ ഇതോടെ ജനങ്ങള്‍ക്ക് മുന്നിലെത്തിക്കാനും എല്‍ഡിഎഫിന് വേണ്ട വിധത്തില്‍ സാധിച്ചില്ല എന്ന് വേണം മനസിലാക്കാന്‍. അതേസമയം രണ്ടാം പിണറായി സര്‍ക്കാരിനെതിരായ വിലയിരുത്തലും ഭരണവിരുദ്ധ വികാരവും പുതുപ്പള്ളി ഫലത്തില്‍ വലിയ സ്വാധീനം ചൊലുത്തുകയും ചെയ്തു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ 37719 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷമാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായ ചാണ്ടി ഉമ്മന് ലഭിച്ചത്. യുഡിഎഫ് 78649 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫിന്റെ ജെയ്ക് സി തോമസിന് 41982 ഉം എന്‍ഡിഎയുടെ ലിജിന്‍ ലാലിന് 6447 വോട്ടുമേ കിട്ടിയുള്ളൂ. എല്‍ഡിഎഫിന് 2021നേക്കാള്‍ 12648 വോട്ടുകള്‍ കുറഞ്ഞു. അതേസമയം യുഡിഎഫിന് 14726 വോട്ടുകള്‍ കൂടി. തുടര്‍ച്ചയായി 12 നിയമസഭകളില്‍ അംഗമായ ഉമ്മന്‍ ചാണ്ടി 53 വര്‍ഷം പുതുപ്പള്ളിയുടെ എംഎല്‍എയായിരുന്നു. ഇനിയവിടെ മകന്‍ ചാണ്ടി ഉമ്മന്റെ ഊഴമാണ്.