അഞ്ച് സംസ്ഥാനങ്ങളിലെ 6 നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യത്തിനും മുന്നേറ്റം. മൂന്നിടത്ത് ബിജെപിക്ക് വിജയം നേടാനായപ്പോള്‍ മറ്റ് മൂന്നിടത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ വിജയിച്ചു. ത്രിപുരയിലെ രണ്ടിടത്തും ഉത്തരാഖണ്ഡില്‍ ഒരിടത്തും ആണ് ബിജെപി വിജയം നേടിയത്. യുപിയിലും ജാര്‍ഖണ്ഡിലും പശ്ചിമബംഗാളിലുമാണ് എന്‍ഡിഎയെ പ്രതിപക്ഷ പാര്‍ട്ടികള്‍ പരാജയപ്പെടുത്തിയത്.
കേരളത്തിന് പുറമെ അഞ്ചു സംസ്ഥാനങ്ങളിലെ ആറ് നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. മൂന്നിടത്ത് എന്‍ഡിഎയെ പ്രതിപക്ഷ പാര്‍ട്ടികള്‍ പരാജയപ്പെടുത്തി. യുപിയിലെ ഘോസിയില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി സുധാകര്‍ സിംഗ് വിജയം നേടി. ഇവിടെ സിറ്റിംഗ് എംഎല്‍എ സമാജ് വാദി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതാണ് ഉപതെരഞ്ഞെടുപ്പിന് വഴിവച്ചത്. പശ്ചിമ ബംഗാളിലെ ധുപ്ഗുരിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍മ്മല്‍ ചന്ദ്ര റോയി വിജയിച്ചു. ബിജെപിയുടെ സിറ്റിംഗ് സീറ്റാണ് തൃണമൂല്‍ പിടിച്ചെടുത്തത്.
ജാര്‍ഖണ്ഡിലെ ഡുംമ്രിയില്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച സ്ഥാനാര്‍ഥി ബേബി ദേവി 17000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി യശോദ ദേവിയെ പരാജയപ്പെടുത്തി.
ത്രിപുരയിലെ രണ്ടിടത്തും ഉത്തരാഖണ്ഡിലെ ഒരിടത്തും ബിജെപി വിജയിച്ചു. ത്രിപുരയിലെ ധന്‍പുരിലും ബോക്‌സനഗറിലുമാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. സിപിഐഎം സിറ്റിങ് മണ്ഡലം ബോക്‌സനഗര്‍ ബിജെപി സ്ഥാനാര്‍ഥി തഫജ്ജല്‍ ഹുസൈന്‍ 30237 വോട്ടിനാണ് പിടിച്ചെടുത്തത്. ബോക്‌സനഗറില്‍ സിപിഐഎം എംഎല്‍എ ഷംസുല്‍ ഹഖിന്റെ മരണത്തെത്തുടര്‍ന്നാണ് തെരഞ്ഞെടുപ് നടന്നത്. ഷംസുല്‍ ഹഖിന്റെ മകന്‍ മിസാന്‍ ഹുസൈനായിരുന്നു സിപിഐഎമ്മിന്റെ സ്ഥാനാര്‍ഥി. ധന്‍പുരില്‍ ബിജെപി സ്ഥാനാര്‍ത്ഥി ബിന്ദു ദേബ്‌നാഥ് 18871 വോട്ടിന് വിജയിച്ചു. ധന്‍പുര്‍ മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെ സീറ്റായിരുന്നു. ഉത്തരാഖണ്ഡിലെ ബാഗേശ്വരില്‍ ബിജെപി സ്ഥാനാര്‍ത്ഥി പാര്‍വതി ദാസും വിജയം നേടി.