BREAKING NEWSKERALALATEST

മുരളീധരന്‍ കോണ്‍ഗ്രസിലെ നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍; മുന്നില്‍ നില്‍ക്കേണ്ട നേതാവ്; വിഡി സതീശന്‍

കോഴിക്കോട്: കോണ്‍ഗ്രസിലെ നെറ്റിപ്പട്ടം കെട്ടിയ ഗജവീരനാണ് കെ മുരളീധരനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അദ്ദേഹം തിരിഞ്ഞുനിന്ന് പറയുന്നതുപോലും കേള്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവാക്കളെ ആകര്‍ഷിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്നതുള്‍പ്പടെയുള്ള മുരളീധരന്റെ വിമര്‍ശനം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു സതീശന്റെ മറുപടി. മുതിര്‍ന്ന നേതാക്കളുടെ ഉപദേശമായി സ്വീകരിച്ച് അത് ഗൗരവത്തോടെ എടുക്കും. പാര്‍ട്ടി നന്നാവണമെന്നുള്ളവരുടെ നല്ലവാക്കുകളാണ് അത്. അദ്ദേഹം മുന്‍പില്‍ നില്‍ക്കേണ്ട നേതാവാണ്. അദ്ദേഹം പറഞ്ഞതില്‍ തെറ്റൊന്നുമില്ലെന്നും സതീശന്‍ പറഞ്ഞു.

പുതുപ്പള്ളിയില്‍ വിജയിച്ചത് ടീം യുഡിഎഫാണ്. ചാണ്ടി ഉമ്മന് കിട്ടിയത് കേരളത്തിന്റെ മുഴുവന്‍ പിന്തുണയാണ്. മുഖ്യമന്ത്രി എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്നും വിഡി സതീശന്‍ ചോദിച്ചു. ‘പിണറായി വിജയന്റെയും നേതൃത്വത്തിന്റെയും തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ ആരും പാര്‍ട്ടിയില്‍ ഇല്ല എന്നതാണ് ഇന്ന് സിപിഎം നേരിടുന്ന ഏറ്റവും വലിയ ഭീഷണി. സര്‍ക്കാരിന്റെ വിലയിരുത്തലാകും ഈ തെരഞ്ഞെടുപ്പെന്നാണ് പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ നേരത്തെ പറഞ്ഞത്. ഇന്നലെ അതു മാറ്റി പറഞ്ഞു. മലക്കം മറിയാന്‍ വിദഗ്ധനാണ് എംവി ഗോവിന്ദന്‍. പിണറായി വിജയന്റെ കുഴലൂത്തുകാരനായി പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ മാറിയിരിക്കുന്നു.’- സതീശന്‍ പറഞ്ഞു.

ഈ സര്‍ക്കാരിനോടുള്ള രോഷവും പ്രതിഷേധവും കൊണ്ടാണ് ജനങ്ങള്‍ വന്‍ഭൂരിപക്ഷത്തോടെ ചാണ്ടി ഉമ്മനെ ജയിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ‘കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ പുതിയ അധ്യായമാണ് യുഡിഎഫ് തുറക്കുന്നത്. എല്ലാവരും ഒരേ മനസോടെ പ്രവര്‍ത്തിച്ചു. വരുന്ന തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഇന്ധനമാണ് പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളി നമുക്ക് നല്‍കിയത്. ഇത്രയും വലിയ വിജയം നല്‍കിയ ജനങ്ങളുടെ മുന്നില്‍ തലകുനിക്കുകയാണ്. വലിയ ഭൂരിപക്ഷം ഞങ്ങളുടെ ചുമലിലേക്കു വച്ചിരിക്കുന്നത് വലിയ ഭാരമാണ്. കൂടുതല്‍ ഉത്തരവാദിത്തത്തോടു കൂടി പെരുമാറാന്‍ ഞങ്ങള്‍ക്കു പുതുപ്പള്ളിയിലെ ജനങ്ങള്‍ വലിയ ഭൂരിപക്ഷത്തോടെ ഞങ്ങള്‍ക്കു പിന്തുണ നല്‍കിയെന്നും സതീശന്‍ പറഞ്ഞു.

പൊലീസ് അടക്കമുള്ള സംവിധാനങ്ങളെ മുഖ്യമന്ത്രിയുടെ ഓഫിസിലെ ഒരു സംഘം പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തില്‍ ഹൈജാക്ക് ചെയ്യുകയാണ്. മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനെ മാറ്റി അറിയപ്പെടന്ന ഒരു സിപിഎം നേതാവിനെ നിയമിച്ചു. ഗണേഷ് കുമാര്‍ പരാതിപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി അറിഞ്ഞില്ലെന്നാണു പറഞ്ഞത്. പൊതുഭരണ വകുപ്പ് മുഖ്യമന്ത്രിയുടെ കയ്യിലാണ്. സ്വന്തം വകുപ്പില്‍ ഇങ്ങനെയൊരുകാര്യം നടന്നത് അറിഞ്ഞില്ലെങ്കില്‍ അദ്ദേഹം എന്തിനാണ് ഈ സ്ഥാനത്ത് ഇരിക്കുന്നതെന്നും സതീശന്‍ ചോദിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker