BREAKING NEWSNATIONAL

യുകെയില്‍ ഖാലിസ്ഥാന്‍ തീവ്രവാദം അനുവദിക്കില്ല; ഋഷി സുനക്

ന്യൂഡല്‍ഹി: ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഡല്‍ഹിയിലെത്തി.
ഖാലിസ്ഥാന്‍ അനുകൂല തീവ്രവാദത്തെക്കുറിച്ചുളള ചോദ്യത്തിന്, രാജ്യത്ത് ഒരു തരത്തിലുള്ള അക്രമവും തീവ്രവാദവും അംഗീകരിക്കില്ലെന്നും യുകെ പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. ഖാലിസ്ഥാന്‍ അനുകൂല തീവ്രവാദം നേരിടാന്‍ യുകെ, ഇന്ത്യന്‍ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഇത് (ഖാലിസ്ഥാന്‍ അനുകൂല തീവ്രവാദം) ശരിയാണെന്ന് ഞാന്‍ കരുതുന്നില്ല. ഞങ്ങളുടെ സുരക്ഷാ മന്ത്രി അടുത്തിടെ ഇന്ത്യയിലെത്തി അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരുമായി സംസാരിച്ചിരുന്നു. രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കിടാന്‍ കൂട്ടായ്മകള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതുവഴി ഇത്തരത്തിലുള്ള അക്രമാസക്തമായ തീവ്രവാദത്തെ വേരോടെ പിഴുതെറിയാനാകും’ അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
ഭാര്യ അക്ഷതാ മൂര്‍ത്തിക്കൊപ്പമാണ് ഋഷി സുനക് ഡല്‍ഹിയിലെത്തിയത്. കേന്ദ്രമന്ത്രി അശ്വിനി ചൗബെ, ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ അലക്‌സ് എല്ലിസ്, മുതിര്‍ന്ന നയതന്ത്രജ്ഞര്‍ എന്നിവര്‍ ചേര്‍ന്നാണ് അദ്ദേഹത്തെ വിമാനത്താവളത്തില്‍ സ്വീകരിച്ചത്.
ഈ വര്‍ഷം മാര്‍ച്ചില്‍ ഖാലിസ്ഥാന്‍ അനുകൂലികള്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആക്രമിക്കുകയും കെട്ടിടത്തിന്റെ മുന്‍വശത്തെ തൂണില്‍ സ്ഥാപിച്ചിരുന്ന ത്രിവര്‍ണ്ണ പതാക വലിച്ചെറിയുകയും ചെയ്തിരുന്നു. ഇന്ത്യ ഇതില്‍ അതൃപ്തി അറിയിച്ചിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ സുരക്ഷ അവലോകനം ചെയ്യുന്നതിനും ജീവനക്കാരുടെ സുരക്ഷയ്ക്കുമായി ആവശ്യമായ മാറ്റങ്ങള്‍ നടപ്പിലാക്കുന്നതിന് മെട്രോപൊളിറ്റന്‍ പോലീസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് യുകെ സര്‍ക്കാര്‍ അറിയിച്ചു.
അഞ്ചാമത് ഇന്ത്യ-യുകെ ആഭ്യന്തരകാര്യ ചര്‍ച്ചയ്ക്കിടെയും, ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയം ലണ്ടനിലെ ഖാലിസ്ഥാനി പ്രവര്‍ത്തനങ്ങളെയും പ്രതിഷേധങ്ങളെയും കുറിച്ച് യുകെ സര്‍ക്കാരുമായി ചര്‍ച്ച ചെയ്തിരുന്നു. രാജ്യത്ത് നടക്കുന്ന ഖാലിസ്ഥാന്റെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും പ്രതികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker