TOP STORYWORLD

ജി 20 വേദിയില്‍ നിന്ന് ബൈഡന്‍ വിയറ്റ്‌നാമിലേക്ക്; ആശങ്കയോടെ ചൈന

ന്യൂഡല്‍ഹി: ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വിയറ്റ്‌നാമിലേക്ക് പുറപ്പെട്ടു. രാജ്ഘട്ടില്‍ മഹാത്മാ ഗാന്ധിക്ക് ആദരമര്‍പ്പിച്ചുള്ള പരിപാടിക്ക് ശേഷമാണ് യുഎസ് പ്രസിഡന്റ് വിയറ്റ്‌നാമിലേക്ക് പുറപ്പെട്ടത്.

വിയറ്റ്‌നാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി നയങ് ഫു ട്രോങുമായി ബൈഡന്‍ ചര്‍ച്ച നടത്തും. അമേരിക്കയും വിയറ്റ്‌നാമും തമ്മില്‍ സമഗ്ര നയതന്ത്ര പങ്കാളിത്തം ഉറപ്പുവരുത്തുന്ന ധാരണാപത്രത്തില്‍ ഇരു നേതാക്കളും ഒപ്പുവയ്ക്കും. ശേഷം, ഇരു നേതാക്കളും സംയുക്ത പ്രസ്താവന നടത്തും. തുടര്‍ന്ന് വിയറ്റാമീസ് പ്രസിഡന്റ് വോ വാന്‍ തോങുമായും പ്രധാനമന്ത്രി മിന്‍ ചിനുമായും ബൈഡന്‍ കൂടിക്കാഴ്ച നടത്തും. വിയറ്റ്‌നാം സന്ദര്‍ശിക്കുന്ന ഏഴാമത്തെ അമേരിക്കന്‍ പ്രസിഡന്റാണ് ജോ ബൈഡന്‍. ബറാക് ഒബാമ ഒരു തവണയും ഡൊണാള്‍ഡ് ട്രംപ് രണ്ട് തവണയും വിയറ്റ്‌നാം സന്ദര്‍ശിച്ചിട്ടുണ്ട്.

ജോ ബൈഡന്റെ സന്ദര്‍ശനത്തില്‍ വിമര്‍ശനവുമായി ചൈന രംഗത്തെത്തി. ചൈനയുമായി സഹകരണം തുടരുമ്പോള്‍ തന്നെ, അമേരിക്കയുമായി വിയറ്റ്‌നാം അടുക്കുന്നത് ചൈന ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. തങ്ങളുടെ സാമ്പത്തിക, ആഭ്യന്തര വിഷയങ്ങളില്‍ ചൈന അതിരുകടന്ന ഇടപെടല്‍ നടത്തുന്നെന്ന വിമര്‍ശനം വിയറ്റ്‌നാമും ഉയര്‍ത്തുന്നുണ്ട്.

സൗത്ത് ചൈന കടലിലെ തങ്ങളുടെ പ്രത്യേക സാമ്പത്തിക മേഖലയില്‍ ചൈന സ്ഥിരമായി കടന്നുകയറ്റം നടത്തുന്നതായി വിയറ്റ്‌നാം ആരോപിക്കുന്നുണ്ട്. യുഎസ് ഇതിനോടകം തന്നെ വിയറ്റ്‌നാമിന്റെ ഏറ്റവും വലിയ കയറ്റുമതി വിപണിയായി മാറിയിട്ടുണ്ട്. വിയറ്റ്‌നാമില്‍ നിന്ന് വിദ്യാര്‍ത്ഥികളുടെ വന്‍തോതിലുള്ള കുടിയേറ്റവും യുഎസിലേക്കുണ്ട്. യുദ്ധം അവസാനിച്ച് 22 വര്‍ഷത്തിന് ശേഷം, 1995ലാണ് യുഎസ്-വിയറ്റ്‌നാം നയതന്ത്രം ബന്ധം പുനരാരംഭിച്ചത്. 2013മുതല്‍ ഇരു രാജ്യങ്ങളും വ്യാപാര മേഖലയില്‍ സമഗ്ര പങ്കാളികളാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker