കോഴിക്കോട്: വാഹനത്തിനു സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് ബൈക്കിലെത്തിയ എസ്‌ഐ ഉള്‍പ്പെട്ട സംഘം മര്‍ദിച്ചെന്ന് യുവതിയുടെ പരാതി. കോഴിക്കോട് അത്തോളി സ്വദേശിയായ അഫ്‌ന അബ്ദുല്‍ നാഫിക്കിനാണ് മര്‍ദനമേറ്റത്. നടക്കാവ് സ്റ്റേഷനിലെ എസ്‌ഐ ഉള്‍പ്പെട്ട സംഘമാണ് മര്‍ദിച്ചതെന്ന് യുവതി പറഞ്ഞു. മര്‍ദനമേറ്റ അഫ്‌ന ഇപ്പോള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ എസ്‌ഐക്കെതിരെ കേസെടുത്തു.
ഞായറാഴ്ച പുലര്‍ച്ചെ കുട്ടികള്‍ ഉള്‍പ്പെട്ട കുടുംബത്തിനു നേരെയായിരുന്നു ആക്രമണം. വാഹനത്തിനു സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് രണ്ട് യുവാക്കള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു നിര്‍ത്തി കാറില്‍നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. പൊലീസിനെ വിളിക്കും എന്നു പറഞ്ഞപ്പോള്‍ അവര്‍ തന്നെ പൊലീസിനെ വിളിക്കാമെന്നു പറഞ്ഞു. തുടര്‍ന്ന് രണ്ടുപേര്‍ കൂടി അവിടേക്ക് എത്തി. കാറില്‍നിന്ന് വലിച്ച് പുറത്തിട്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു എന്ന് യുവതി ആരോപിച്ചു.
നടക്കാവ് എസ്‌ഐ വിനോദാണ് അക്രമത്തിനു പിന്നിലെന്ന് യുവതി പറഞ്ഞു. ഇയാളുടെ കൂടെയിരുന്ന ആള്‍ കയ്യില്‍ കടിക്കുകയും വയറില്‍ തൊഴിക്കുകയും ചെയ്തു. ‘ഞാനാണ് പൊലീസ്, നീ എന്ത് ചെയ്യും’ എന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു മര്‍ദനം. അധികം ആള്‍ത്താമസമില്ലാത്ത പ്രദേശത്തുവച്ചായിരുന്നു ആക്രമണമുണ്ടായതെന്നും അതിന്റെ നടുക്കത്തില്‍നിന്ന് കുട്ടികള്‍ ഇതുവരെ മോചിതരായിട്ടില്ലെന്നും യുവതി പറഞ്ഞു.
കാക്കൂര്‍ പൊലീസ് സ്റ്റേഷനിലാണു പരാതി നല്‍കിയത്. പൊലീസ് മൊഴിയെടുത്തു. അന്വേഷണം നടത്തി പ്രതികള്‍ക്കെതിരെ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.