BREAKING NEWSKERALA

മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധമുള്ള കമ്പനിയ്ക്ക് കരാര്‍ നല്‍കി; അഴിമതി ആരോപിച്ച് റോജി

തിരുവനന്തപുരം: കെ- ഫോണ്‍ പദ്ധതിയില്‍ നിയമസഭയില്‍ അഴിമതി ആരോപണം ഉന്നയിച്ച് പ്രതിപക്ഷ എംഎല്‍എ റോജി എം. ജോണ്‍. സര്‍ക്കാരിന് താല്‍പര്യമുള്ള കമ്പനിയ്ക്ക് കരാര്‍ ലഭ്യമാക്കുന്നതിന് വേണ്ടി ഗൂഢാലോചന നടന്നതായും കോടിക്കണക്കിന് രൂപയുടെ അഴിമതി പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടായതായും റോജി എം ജോണ്‍ ആരോപിച്ചു. ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയത് കോണ്‍ഗ്രസുകാരാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് റോജി എം ജോണ്‍ മറുപടി നല്‍കുകയും ചെയ്തു. ഉമ്മന്‍ ചാണ്ടിയെ കേരളരാഷ്ട്രീയത്തില്‍ ആരാണ് വേട്ടയാടിയതെന്ന് കേരളത്തിലെ ജനങ്ങള്‍ കാണുന്നുണ്ട്. അത് മനസിലാക്കിയതുകൊണ്ടാണ് പുതുപ്പള്ളിയിലെ ജനങ്ങള്‍ ചാണ്ടി ഉമ്മനെ പുതുപ്പള്ളിയിലെ ചരിത്രത്തിലെ റെക്കോഡ് ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച് നിയമസഭയിലേക്കയച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ കൊട്ടിഘോഷിച്ച് നടപ്പാക്കിയ കെ ഫോണ്‍ പദ്ധതിയുടെ മറവില്‍ സര്‍ക്കാരിന്റെ ആളുകള്‍ കോടികളുടെ തട്ടിപ്പാണ് നടത്തിയത്. ആ അഴിമതിക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കും. 2017 ലെ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് കെ ഫോണ്‍. പതിനെട്ട് മാസത്തിനുള്ളില്‍ ഇരുപത് ലക്ഷം വീടുകളില്‍ സൗജന്യ ഇന്റര്‍നെറ്റ് കണക്ഷനും 30, 000 സര്‍ക്കാര്‍ ഓഫീസുകളില്‍ ഇന്റര്‍നെറ്റ് ശൃംഗലയും സജ്ജമാക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ വാഗ്ദാനം. ആയിരം കോടി രൂപ ഇതിനായി കിഫ്ബി വഴി ലഭ്യമാക്കുമെന്നായിരുന്നു അന്നത്തെ ധനകാര്യമന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവന. 2018 മേയില്‍ പുറത്തിറക്കിയ ഉത്തരവ് പ്രകാരം പദ്ധതിയുടെ നടത്തിപ്പിനായി കെഎസ്ഐടിഎല്‍ എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തി. തുടര്‍ന്ന് കെഎസ്ഇബിയുടേയും സര്‍ക്കാരിന്റേയും പങ്കാളിത്തത്തോടെ കെഎസ്ഐടിഎല്‍ കെ ഫോണ്‍ ലിമിറ്റഡ് എന്ന എസ്പിബി രൂപീകരിച്ചു. അന്ന് തയ്യാറാക്കിയ എസ്റ്റിമേറ്റ് 1028.20 കോടിയുടേതാണ്. ഇതിന് ഭരണാനുമതിയും നല്‍കി, എംഎല്‍എ സഭയില്‍ പറഞ്ഞു.
പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ 2018 ജൂണിലാണ് ആരംഭിച്ചത്. ടെന്‍ഡറില്‍ പങ്കെടുത്ത രണ്ട് കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങളും രണ്ട് സ്വകാര്യ സ്ഥാപനങ്ങളും അടങ്ങുന്ന കണ്‍സോഷ്യം ടെന്‍ഡര്‍ തുകയുടെ 58.5 ശതമാനം അധികമായി 1628.35 കോടി രൂപയ്ക്ക് ക്വാട്ട് ചെയ്തു. എസ്റ്റിമേറ്റ് തുകയുടെ പത്ത് ശതമാനത്തിലധികമാണ് ടെന്‍ഡറില്‍ ക്വാട്ട് ചെയ്തതെങ്കില്‍ അത് വീണ്ടും ടെന്‍ഡര്‍ ചെയ്യണമെന്ന് അന്നത്തെ ധനകാര്യ അഡിഷണല്‍ സെക്രട്ടറി കെ.എം എബ്രഹാമിന്റെ ഉത്തരവിലുണ്ട്. വീണ്ടും പത്തുശതമാനത്തിലധികം തുകയ്ക്കാണ് ക്വാട്ട് ചെയ്യുന്നതെങ്കില്‍ ആ ടെന്‍ഡര്‍ റദ്ദ് ചെയ്ത ശേഷം വീണ്ടും എസ്റ്റിമേറ്റ് തയ്യാറാക്കി വീണ്ടും ടെന്‍ഡര്‍ ചെയ്യണമെന്നാണ് ഉത്തരവില്‍ പറയുന്നത്. ഈ ടെന്‍ഡര്‍ അനുവദിച്ചതിലൂടെ കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് സര്‍ക്കാര്‍ നടത്തിയത്. തുടര്‍ന്ന് പദ്ധതിയുടെ മാസ്റ്റര്‍ സര്‍വീസ് എഗ്രിമെന്റ് ഒപ്പിട്ടു. ഈ കരാര്‍ പ്രകാരം പദ്ധതി രണ്ട് രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കേണ്ടതായിരുന്നു. ഇതുവരെ പദ്ധതി പൂര്‍ത്തിയായിട്ടില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കരാര്‍ നേടിയ കണ്‍സോഷ്യത്തിന്റെ ഭാഗമായിട്ടുള്ള എസ്ആര്‍ഐടി കമ്പനിക്കാണ് കേബിള്‍ വലിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളുടെ ചുമതല. എന്നാല്‍ എഐ ക്യാമറ ടെന്‍ഡറില്‍ പങ്കെടുക്കുന്ന അശോക ബില്‍ഡ് കോണ്‍ എന്ന കമ്പനിയ്ക്ക് എസ്ആര്‍ഐടി ഈ ചുമതല കൈമാറി. എഐ ക്യാമറ വിവാദത്തില്‍ നില്‍ക്കുന്ന, മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധമുള്ള പ്രസാഡിയോ കമ്പനിക്കാണ് ഇതിന്റെ ഉപകരാര്‍ നല്‍കിയത്. കൂടാതെ യാതൊരു ഗുണനിലവാരവും പരിശോധിക്കാതെ ചൈനയില്‍ നിന്ന് പദ്ധതിക്കാവശ്യമായ കേബിളുകള്‍ ഇറക്കുമതി ചെയ്യുകയും ചെയ്തു. വലിയൊരു അഴിമതിയാണ് കെ ഫോണ്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ളതെന്ന കാര്യം വ്യക്തമായതിനാല്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും റോജി എം. ജോണ്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button