BREAKING NEWSWORLD

മൊറോക്കോ ഭൂകമ്പം: മരണം 2012 ആയി, 2059 പേര്‍ക്ക് പരിക്ക്

മാരക്കേഷ്: വടക്കേ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയില്‍ വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ മരണം 2012 ആയി. 2059 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 1404 പേരുടെ നില ഗുരുതരമാണ്. അല്‍ഹൗസിലാണ് ഏറ്റവും കൂടുതല്‍ ആള്‍നാശമുണ്ടായത്. ഇവിടെ 1293 പേര്‍ മരിച്ചു. ടറൗഡന്റ് പ്രവിശ്യയില്‍ 452 പേര്‍ മരിച്ചു.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും മരണസംഖ്യ ഉയരുമെന്നും മൊറോക്കന്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഇനിയും തുടര്‍ചലനങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഭൂകമ്പബാധിതമേഖലകളിലെ ഭാഗികമായി തകര്‍ന്നുനില്‍ക്കുന്ന കെട്ടിടങ്ങള്‍ക്കടുത്തേക്കു പോകരുതെന്നും അധികൃതര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
വെള്ളിയാഴ്ച രാത്രി 11.11 നാണ് റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. അറ്റ്ലസ് പര്‍വതപ്രദേശമായ അല്‍ഹൗസിലെ ‘ഇഖിലാ’യിരുന്നു പ്രഭവകേന്ദ്രം. പൈതൃകനഗരമായ മാരക്കേഷിലും അഞ്ച് പര്‍വതപ്രവിശ്യകളിലും ഭൂകമ്പം കനത്തനാശം വിതച്ചു. മൊറോക്കന്‍ ഭരണകൂടം രാജ്യത്ത് മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
ഭൂകമ്പം മൊറോക്കോയിലുള്ള ഇന്ത്യക്കാരെ നേരിട്ടുബാധിച്ചിട്ടില്ലെന്ന് തലസ്ഥാനമായ റാബതിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയം അറിയിച്ചു.

Related Articles

Back to top button