കോൺഗ്രസ് പ്രവർത്തക സമിതി തിരഞ്ഞെടുപ്പിലെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രവർത്തക സമിതി തിരഞ്ഞെടുപ്പിൽ മാനസിക സംഘർഷമുണ്ടായെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില പൊരുത്തക്കേടുകൾ തോന്നിയെന്നും വിഷമമുണ്ടായി എന്നത് സത്യമാണെന്നും ചെന്നിത്തല വ്യക്തമാക്കി. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് പ്രവർത്തക സമിതിയിൽ സ്ഥിരം ക്ഷണിതാവ് പദവിയാണ് രമേശ് ചെന്നിത്തലയ്ക്ക് ലഭിച്ചത്. ഇതേ തുടർന്നാണ് അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് രംഗത്തെത്തിയത്. ‘പ്രവർത്തക സമിതി തിരഞ്ഞെടുപ്പിൽ മാനസിക സംഘർഷമുണ്ടായി. തിരഞ്ഞെടുപ്പിൽ ചില പൊരുത്തക്കേടുകൾ തോന്നി. തനിക്ക് വിഷമമുണ്ടായി എന്നത് സത്യമാണ്’- രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ രണ്ട് വർഷമായി തനിക്ക് പാർട്ടിയിൽ പദവികളൊന്നുമില്ല. എന്നിട്ടും സർക്കാരിനെതിരെയുള്ള പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി. ഒരു പദവിയും തനിക്ക് ലഭിച്ചില്ലെങ്കിലും അവ തുടരും. തനിക്ക് പറയാനുള്ള ഹൈക്കമാൻഡിനെ അറിയിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. ഈ മാസം 16ന് ചേരുന്ന പ്രവർത്തക സമിതി യോഗത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.