BREAKING NEWSKERALALATEST

എക്‌സാലോജിക്ക് വാങ്ങിയത് പ്രതിഫലം, മാസപ്പടിയെന്ന് വിളിക്കുന്നത് പ്രത്യേക മനോനില- മുഖ്യമന്ത്രി

തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മാസപ്പടിയല്ല എക്‌സാലോജിക്ക് കമ്പനി കൈപ്പറ്റിയതെന്നും ചെയ്ത ജോലിയുടെ പ്രതിഫലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനെ മാസപ്പടിയാണ് എന്നുപറയുന്നത് പ്രത്യേക മനോനിലയുടെ പ്രതിഫലനമാണെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
സി.എം.ആര്‍.എല്‍ ആദായനികുതി വകുപ്പുമായി നിയമയുദ്ധത്തിനില്ലായെന്നും തങ്ങളുടെ ആദായനികുതി സെറ്റില്‍ ചെയ്യാന്‍ തയ്യാറാണെന്നും അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ ആദായനികുതി വകുപ്പിന്റെ അഭിപ്രായം തേടിയശേഷം പാസ്സാക്കിയ ഉത്തരവാണ് വിവാദവിഷയമാക്കുന്നത്. ഈ സെറ്റില്‍മെന്റില്‍ എക്‌സാലോജിക്ക് കമ്പനിയോ അതിന്റെ ഡയറക്ടറോ കക്ഷിയല്ല. അവരുടെ ഒരു വിഷയവും സെറ്റില്‍മെന്റിന് വിധേയമായിട്ടുമില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
‘മാസപ്പടി’ എന്ന പേരിട്ടാണ് ചില മാധ്യമങ്ങള്‍ പ്രചരണം നടത്തുന്നത്. ഒരു സംരംഭക നടത്തുന്ന കമ്പനി മറ്റൊരു കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ട്, നികുതി അടച്ച്, നികുതി റിട്ടേണില്‍ വെളിപ്പെടുത്തി പ്രതിഫലം കൈപ്പറ്റുന്നത് മാസപ്പടിയാണ് എന്നുപറയുന്നത് ഒരു പ്രത്യേക മനോനിലയുടെ പ്രതിഫലനമാണ്. സേവനം ലഭ്യമാക്കിയില്ല എന്ന് സി എം ആര്‍ എല്‍ കമ്പനിക്ക് പരാതിയില്ല. പരിശോധനയുടെ ഭാഗമായി ഇതിനെപ്പറ്റി അറിയില്ലായെന്നു പറഞ്ഞ ഒരു പ്രസ്താവന പിന്നീട് തിരുത്തപ്പെടുകയും ചെയ്തിട്ടുണ്ട്. സേവനം ലഭ്യമാക്കിയ കമ്പനിയുടെ ഭാഗം കേള്‍ക്കാതെ ആരോപണം ഉന്നയിക്കുന്നത് വേട്ടയാടലിന്റെ മറ്റൊരു രൂപമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിഎംആര്‍എല്‍ കമ്പനിയുമായി നിയമപരമായ കരാറിന്റെ ഭാഗമായാണ് എക്സാലോജിക്കിന് പ്രതിഫലം ലഭിച്ചിട്ടുള്ളത്. ഇത് സ്രോതസ്സില്‍ ആദായനികുതി പിടിച്ചും ജിഎസ്ടി അടച്ചുമാണ് നല്‍കിയിട്ടുള്ളത്. എക്സാലോജിക് കമ്പനിയുടെ ആദായനികുതി റിട്ടേണില്‍ ഇത് വെളിപ്പെടുത്തിയിട്ടുമുണ്ട്. പരിശോധനയുടെ ഭാഗമായി മറ്റൊരു വ്യക്തിക്കെതിരെ ഒരു സത്യപ്രസ്താവനയില്‍ പരാമര്‍ശമുണ്ടെങ്കില്‍ ആ വ്യക്തിയുടെ ഭാഗം കേള്‍ക്കാനുള്ള പ്രാഥമികമായ ഉത്തരവാദിത്തം അധികാരികള്‍ക്കുണ്ട്. അതിവിടെ നടന്നിട്ടില്ല, മുഖ്യമന്ത്രി പറഞ്ഞു.
ഒരു സംരംഭക, അവര്‍ ഒരു രാഷ്ട്രീയനേതാവിന്റെ ബന്ധുത്വമുണ്ടെന്ന ഒറ്റ കാരണത്താല്‍ കരാറില്‍ ഏര്‍പ്പെടുകയോ, ബിസിനസ്സ് നടത്തുവാനോ പാടില്ലെന്ന് ഏതെങ്കിലും നിയമമോ ചട്ടമോ നിലവിലുണ്ടോ? ഇവിടെ കരാറില്‍ ഏര്‍പ്പെട്ട കമ്പനികള്‍ക്ക് അധികാരത്തിലിരിക്കുന്ന ഏതെങ്കിലും പൊതുപ്രവര്‍ത്തകന്‍ വഴിവിട്ട സഹായം ചെയ്തതായി ആരോപണമില്ല. രാഷ്ട്രീയ മുതലെടുപ്പ് നടത്താനായി പൊതുരംഗത്തില്ലാത്ത ഒരു സംരംഭകയുടെ പേര് വലിച്ചിഴക്കുകയാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
സര്‍ക്കാരിന് പങ്കുള്ള കമ്പനിയെന്നാണ് മറ്റൊരു ആരോപണം. സി എം ആര്‍ എല്ലില്‍ കെ എസ് ഐ ഡി സി ഓഹരിനിക്ഷേപം നടത്തിയത് 32 വര്‍ഷങ്ങള്‍ക്കുമുമ്പ് 1991-ലാണ്. അന്ന് ഞാനോ ഇന്നത്തെ മന്ത്രിസഭയിലെ അംഗങ്ങളോ സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗങ്ങളായിരുന്നില്ല. സി എം ആര്‍ എല്ലിന്റെ നയപരമായ കാര്യങ്ങളില്‍ കെ എസ് ഐ ഡി സിക്ക് യാതൊരു പങ്കുമില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker