ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചുവരുന്ന തെരുവുനായ ആക്രമണങ്ങളില്‍ ആശങ്കപ്രകടിപ്പിച്ച് സുപ്രീംകോടതി. ഒരു കേസിന്റെ വാദത്തിനിടെ അഭിഭാഷകന്‍ കുനാര്‍ ചാറ്റര്‍ജിയുടെ കൈയിലെ മുറിവിനെക്കുറിച്ചുള്ള ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ അന്വേഷണമാണ് തെരുവു നായകളുടെ ഭീഷണിയെക്കുറിച്ചുള്ള ചര്‍ച്ചയായി പരിണമിച്ചത്. കൈക്ക് എന്തുപറ്റിയെന്ന ചീഫ് ജസ്റ്റിസിന്റെ ചോദ്യത്തിന് രാവിലെ നടക്കാനായി ഇറങ്ങിയപ്പോള്‍ അഞ്ചു നായകള്‍ കൂട്ടമായി ആക്രമിച്ചെന്ന് അഭിഭാഷകന്‍ മറുപടി നല്‍കുകയായിരുന്നു.
കാര്‍ പാര്‍ക്കിങ് മൈതാനത്തില്‍ തന്റെ നിയമ ഉദ്യോഗസ്ഥനും ഒരുവര്‍ഷംമുമ്പ് തെരുവുനായ ആക്രമണത്തിന് ഇരയായെന്ന അനുഭവം ഉടന്‍ ചീഫ് ജസ്റ്റിസ് പങ്കുവെച്ചു. ഇതോടെ ഈയിടെ ഉത്തര്‍പ്രദേശില്‍ ഒരു കുട്ടിയെ നായകള്‍ കടിച്ച സംഭവത്തെ പരാമര്‍ശിച്ച സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വിഷയം ഗൗരവമേറിയതാണെന്ന് അഭിപ്രായപ്പെട്ടു. ചര്‍ച്ച പുരോഗമിക്കുന്നതിനിടെ തെരുവുനായശല്യം പരിഹരിക്കുന്നതിനും പൗരന്മാരെ സംരക്ഷിക്കുന്നതിനും സ്വമേധയാ കേസെടുക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ വിജയ് ഹന്‍സാരിയ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. ഇതിന് മറുപടിയായി, വിഷയം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഉറപ്പുനല്‍കി.
തെരുവുനായ പ്രശ്‌നത്തില്‍ കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള വിവിധ ഹര്‍ജികള്‍ ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരിയും കെ.വി. വിശ്വനാഥനും അടങ്ങുന്ന സുപ്രീം കോടതിയുടെ മുന്നിലുണ്ട്. ഈ മാസം 20-ന് ഈ ഹര്‍ജികള്‍ പരിഗണിക്കും.
1,017 Less than a minute