BREAKING NEWSKERALALATEST

നിപ സംശയം: എന്‍ഐവി ഫലം വൈകീട്ട്; അടിയന്തര നടപടിക്ക് നിര്‍ദേശം നല്‍കിയെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: നിപ സംശയത്തെത്തുടര്‍ന്ന് അടിയന്തര നടപടിക്ക് നിര്‍ദേശം നല്‍കിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ജില്ലയിലെ ആരോഗ്യസംവിധാനങ്ങള്‍ ഒരുങ്ങിയിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു. പനി ബാധിച്ച് അസ്വാഭാവികമായി മരിച്ച രണ്ടുപേരും ആശുപത്രിയില്‍ വെച്ച് ഒരുമിച്ചുണ്ടായിരുന്നു.

കൂടാതെ മറ്റു ചില സ്ഥലങ്ങളിലും ഇവര്‍ ഒരുമിച്ച് ഉണ്ടായിരുന്നതായി വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജില്ലയില്‍ ജാഗ്രത കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇന്നലെ രണ്ടാമത്തെ മരണം സ്ഥിരീകരിച്ചതോടെ അടിയന്തരമായി ആരോഗ്യവകുപ്പ് യോഗം ചേര്‍ന്നിരുന്നു.  ആരോഗ്യവകുപ്പ് ഡയറക്ടര്‍ അടക്കം കോഴിക്കോട്ട് എത്തിച്ചേര്‍ന്നിട്ടുണ്ട്.

രാവിലെ കളക്ടറേറ്റില്‍ നടക്കുന്ന ഉന്നതല യോഗത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തും. നിപ സംശയത്തിന്റെ അടിസ്ഥാനത്തില്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വൈകീട്ടോ, രാത്രിയോടെയോ ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

നിപ ആകാമെന്ന സംശയം മാത്രമാണ് ഇപ്പോഴുള്ളത്. നിപ ആണെങ്കില്‍ എന്തൊക്കെ മുന്‍കരുതല്‍ നടപടികൾ സ്വീകരിക്കണം എന്നത് ചര്‍ച്ച ചെയ്യും. പനി ലക്ഷണങ്ങളോടെ ആശുപത്രികളില്‍ ചികിത്സ തേടി ധാരാളം ആളുകളാണ് എത്തിയിട്ടുള്ളത്. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ അടക്കം മുഴുവന്‍ ഹെല്‍ത്ത് സംവിധാനവും അലര്‍ട്ട് ആയിരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

സമ്പര്‍ക്കത്തില്‍പ്പെട്ടവരെ റിസ്‌ക് അനുസരിച്ച് വേര്‍തിരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഹൈ റിസ്‌കിലുള്ളവര്‍, പ്രാഥമിക സമ്പര്‍ക്കമുള്ളവര്‍ തുടങ്ങിയ രീതിയില്‍ കാറ്റഗറൈസ് ചെയ്യാനാണ് ശ്രമം ആരംഭിച്ചിട്ടുള്ളത്. നിപ ആകാതിരിക്കട്ടെ എന്നാണ് ഈ നിമിഷത്തിലും പ്രതീക്ഷിക്കുന്നത്.

നിപ ആണെങ്കില്‍ ഇത്രയധികം സമയം നഷ്ടപ്പെടരുതെന്നതിന്റെ അടിസ്ഥാനത്തിലാണ് മുന്നൊരുക്കങ്ങള്‍ നടത്തുന്നത്. നിപ ആണെങ്കില്‍ കേന്ദ്രസംഘം കേരളത്തിലെത്തുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പ്രദേശത്തു പോയി അവിടെയുള്ള പനി ബാധിതര്‍, മുമ്പ് അസ്വാഭാവിക പനി മരണങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നതടക്കം പരിശോധിക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളതായും ആരോഗ്യമന്ത്രി വ്യക്തമാക്കി.

Related Articles

Back to top button