ശ്രീനഗര്‍: ജമ്മു കശ്മീര്‍ അനന്ത്‌നാഗ് ജില്ലയിലെ കോക്കര്‍നാഗില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് കരസേനാ ഓഫീസര്‍മാര്‍ക്കും പോലീസ് ഡെപ്യൂട്ടി സൂപ്രണ്ടിനും വീരമൃത്യു. 19 രാഷ്ട്രീയ റൈഫിള്‍സ് യൂണിറ്റ് കമാന്‍ഡര്‍മാരായ കേണല്‍ മന്‍പ്രീത് സിങ്, മേജര്‍ ആശിഷ്, ജമ്മു കശ്മീര്‍ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഹുമയൂണ്‍ ഭട്ട് എന്നിവരാണ് മരിച്ചത്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയ്ക്ക് കീഴിലെ നിരോധിത സംഘടനയായ റെസിസ്റ്റന്‍സ് ഫ്രണ്ട് ഏറ്റെടുത്തു. ചൊവ്വാഴ്ച വൈകുന്നേരം അനന്ദ് നാഗിലെ ഗഡോള്‍ മേഖലയില്‍ ആരംഭിച്ച ഏറ്റുമുട്ടല്‍ രാത്രിയോടെ അവസാനിച്ചിരുന്നു. ഭീകരരുടെ ഒളിത്താവളം കണ്ടെത്തിയതോടെ ബുധനാഴ്ച രാവിലെ തിരച്ചില്‍ പുനരാരംഭിച്ചു. ഇതിനിടെ, ഉദ്യോഗസ്ഥര്‍ക്കുനേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മൂവരും മരണത്തിന് കീഴടങ്ങി.
ജമ്മുകശ്മീര്‍ പോലീസില്‍നിന്ന് വിരമിച്ച ഇന്‍സ്‌പെക്ടര്‍ ജനറര്‍ ഗുലാം ഹസന്‍ ഭട്ടിന്റെ മകനാണ് ഹുമയൂണ്‍ ഭട്ട്. കഴിഞ്ഞമാസം നാലിന് കുല്‍ഗാം ജില്ലയിലെ ഹലന്‍ വനമേഖലയില്‍ മൂന്ന് ജവാന്മാരെ കൊലപ്പെടുത്തിയ സംഘമാണ് അനന്ദ്‌നാഗ് ഭീകരാക്രണത്തിനു പിന്നിലെന്ന നിഗമനത്തിലാണ് പോലീസ്.