BREAKING NEWSNATIONAL

ബില്ലിന് നിരുപാധിക പിന്തുണ; രാഹുല്‍ 2018-ല്‍ മോദിക്കയച്ച കത്ത് പങ്കുവെച്ച് ജയ്റാം രമേശ്

ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പഴയ ഒരു കത്ത് വീണ്ടും പ്രചരിക്കുന്നു. വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ പാസാക്കാന്‍ പ്രധാനമന്ത്രിയുടെ പിന്തുണ തേടിക്കൊണ്ട് രാഹുല്‍ 2018-ല്‍ മോദിക്കയച്ച കത്താണ് പ്രചരിക്കുന്നത്.
വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ പാസാക്കണമെന്നും അതിന് കോണ്‍ഗ്രസിന്റെ നിരുപാധിക പിന്തുണയുണ്ടായിരിക്കുമെന്നും കത്തില്‍ രാഹുല്‍ പറയുന്നുണ്ട്. അന്ന് രാഹുല്‍ ട്വീറ്റ് ചെയ്ത കത്ത്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് ഉള്‍പ്പെടെ ഇപ്പോള്‍ എക്സില്‍ പങ്കുവെച്ചിട്ടുണ്ട്. സ്ത്രീ ശാക്തീകരണത്തിനുവേണ്ടി കോണ്‍ഗ്രസ് രാഷ്ട്രീയത്തിനതീതമായി ഒരുമിച്ചു നില്‍ക്കും. സ്ത്രീ ശാക്തീകരണത്തിന്റെ പ്രചാരകനെന്ന് അവകാശപ്പെടുന്ന മോദി, കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഈ വിഷയം സംസാരിക്കാനും പാര്‍ലമെന്റില്‍ അവതരിപ്പിക്കാനും തയ്യാറാകണമെന്നും രാഹുല്‍ കത്തില്‍ പറയുന്നുണ്ട്.
2008-ല്‍ യു.പി.എ. സര്‍ക്കാരാണ് വനിതാ സംവരണ ബില്ലിന് രൂപം നല്‍കിയത്. 2010-ല്‍ ബില്‍ രാജ്യസഭയില്‍ പാസായി. ബി.ജെ.പി.യും കോണ്‍ഗ്രസും ബില്ലിനെ പിന്തുണച്ചിരുന്നെങ്കിലും മറ്റു പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പുമൂലം ബില്‍ പിന്നീട് തടസ്സപ്പെട്ടു. വനിതാ സംവരണത്തിനകത്ത് പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം വേണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉയര്‍ന്നതോടെയാണ് പാസാകുന്നതില്‍ തടസ്സം നേരിട്ടത്.
ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയതായുള്ള റിപ്പോര്‍ട്ട് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് സ്വാഗതം ചെയ്തു. സര്‍വകക്ഷി യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നെങ്കില്‍ സമവായമുണ്ടാക്കാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം സീറ്റ് സംവരണം വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. പ്രത്യേക പാര്‍ലമെന്റ് സമ്മേളത്തില്‍ ബുധനാഴ്ച ബില്‍ അവതരിപ്പിക്കുമെന്നാണ് അഭ്യൂഹം.

Related Articles

Back to top button