തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇഡിയുടെ റെയ്ഡ് ഉള്‍പ്പെടെ രാഷ്ട്രീയ പ്രേരിതമെന്ന് തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റും കേരളാ ബാങ്ക് വൈസ് പ്രസിഡന്റും സിപിഎം സംസ്ഥാന സമിതി അംഗവുമായ എം കെ കണ്ണന്‍. കോണ്‍ഗ്രസ്, ബിജെപി, ഇഡി, മാധ്യമങ്ങള്‍ എല്ലാവരും ചേര്‍ന്ന് നടത്തുന്ന ഏര്‍പ്പാടാണിത്. ഇഡി നടപടികളെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും എം കെ കണ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.
തൃശൂര്‍ സഹകരണ ബാങ്കിലെ അക്കൗണ്ടുകളുടെ വിവരങ്ങളാണ് ഇഡി തേടിയത്. തന്നെ ഇഡി ചോദ്യം ചെയ്തിട്ടില്ല. സതീശന്റെ അക്കൗണ്ടുകളുടെ വിവരങ്ങള്‍ തേടിയെന്നും അയ്യായിരത്തിലധികം അക്കൗണ്ടുകളുടെ വിവരങ്ങള്‍ ഇ ഡി കൊണ്ടു പോയെന്നും അദ്ദേഹം വിശദീകരിച്ചു. തന്നോട് ബാങ്കിലെത്താന്‍ ഇ ഡി ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് വന്നത്. തൃശൂര്‍ സഹകരണ ബാങ്കില്‍ സതീശന് ചെറിയ നിക്ഷേപങ്ങള്‍ മാത്രമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, തൃശ്ശൂര്‍ സഹകരണ ബാങ്കില്‍ ഇന്നലെ മുതല്‍ ആരംഭിച്ച ഇഡി റെയ്ഡ് ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് അവസാനിച്ചത്. കേസിലെ മുഖ്യപ്രതി സതീശ് കുമാറിന്റെ ബിനാമി ഇടപാടുകളുള്ള അയ്യന്തോള്‍ സഹകരണ ബാങ്കില്‍ 24 മണിക്കൂറിന് ശേഷവും റെയ്ഡ് തുടരുകയാണ്.
അതിനിടെ, കേസില്‍ സിപിഎം നേതാവ് എ സി മൊയ്തീനോട് ഇന്നും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. രാവിലെ 11 മണിക്ക് കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയത്. ഇഡി അറസ്റ്റിലേക്ക് കടന്നേക്കുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ എ സി മൊയ്തീന്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.