ന്യൂഡല്‍ഹി: ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണം തള്ളി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തിനെതിരെ ഉന്നയിച്ച ആരോപണം അസംബന്ധമാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ അഭിപ്രായപ്പെട്ടു.
കനേഡിയന്‍ പ്രധാനമന്ത്രിയുടെയും അവരുടെ വിദേശകാര്യ മന്ത്രിയുടെയും പ്രസ്താവനകള്‍ ഇന്ത്യ തള്ളിക്കളയുന്നു. കാനഡിയിലെ ഏതെങ്കിലും അക്രമത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന ആരോപണം അസംബന്ധമാണ്, എസ് ജയശങ്കര്‍ വ്യക്തമാക്കി.
2023 ജൂണ്‍ 18-ന് ആയിരുന്നു ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഹര്‍ദീപ് സിങ് നിജ്ജര്‍ കാനഡയില്‍ വെടിയേറ്റ് മരിക്കുന്നത്. ബൈക്കിലെത്തിയ അജ്ഞാതര്‍ ഇയാളെ വെടിവെച്ച് വീഴ്ത്തിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
നിജ്ജറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഏജന്റുകള്‍ക്ക് പങ്കുണ്ടെന്ന ആരോപണം കനേഡിയന്‍ സുരക്ഷാ ഏജന്‍സികള്‍ അന്വേഷിക്കുന്നതായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അറിയിച്ചിരുന്നു. പിന്നാലെ, ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ പുറത്താക്കുന്നതടക്കമുള്ള നടപടികളിലേക്കും കാനഡ കടന്നിരുന്നു.