ന്യൂഡല്‍ഹി: വനിതാ സംവരണ ബില്ലില്‍ ഉപസംവരണം വേണമെന്ന് ആവശ്യം. പട്ടികജാതി, പട്ടിക വര്‍ഗ, ഒബിസി വിഭാഗങ്ങള്‍ക്ക് വനിതാ സംവരണത്തിന് അകത്ത് പ്രത്യേകം സംവരണം വേണമെന്ന് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. സമാജ് വാദി പാര്‍ട്ടി, രാഷ്ട്രീയ ജനതാദള്‍, ബിഎസ്പി, ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച എന്നീ പാര്‍ട്ടികളാണ് ബില്ലില്‍ ഉപസംവരണം ആവശ്യപ്പെട്ട് രംഗത്തു വന്നത്.
പിന്നാക്ക സമുദായങ്ങള്‍ക്ക് പ്രത്യേകം സംവരണം വ്യവസ്ഥ ചെയ്തില്ലെങ്കില്‍, ബില്‍ കൊണ്ട് ഉയര്‍ന്ന ജാതിയിലുള്ളവര്‍ക്ക് മാത്രമേ പ്രയോജനം ലഭിക്കൂ. സാമ്പത്തികമായും സ്വാധീനശക്തി കൊണ്ടും മുന്നാക്ക സമുദായത്തില്‍പ്പെട്ടവര്‍ക്കാകും നേട്ടമുണ്ടാകുക. പിന്നാക്കാവസ്ഥയിലുള്ള വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ തഴയപ്പെടുകയാകും ഫലമെന്നും ജെഎംഎം എംപി മാഹുവ മാഞ്ജി പറഞ്ഞു.
സ്ത്രീ ശാക്തീകരണം ശരിയായ അര്‍ത്ഥത്തില്‍ നടപ്പിലാക്കാനാണ് ആഗ്രഹിക്കുന്നതെങ്കില്‍, ദലിത്, പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരുടെ ഉന്നമനവും കൂടി പരിഗണിക്കേണ്ടതുണ്ട്. എങ്കിലേ ലക്ഷ്യം ഏറ്റവും താഴേത്തട്ടില്‍ക്കൂടി എത്തിച്ചേരുകയുള്ളൂ. എന്നാല്‍ പട്ടികജാതി-പട്ടിക വര്‍ഗ- ഒബിസി വിഭാഗങ്ങള്‍ക്ക് എത്ര ശതമാനം ഉപസംവരണം വേണമെന്ന് പാര്‍ട്ടി നിര്‍ദേശം മുന്നോട്ടു വെക്കുന്നില്ലെന്നും ജെഎംഎം എംപി മാഹുവ മാഞ്ജി പറഞ്ഞു.
കേന്ദ്രമന്ത്രിസഭ ഇന്നലെ അംഗീകരിച്ച വനിതാ സംവരണ ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആദ്യ ബില്ലാകും വനിതാ സാംവരണ ബില്‍. ബില്ലിന്മേല്‍ പുതിയ ലോക്‌സഭയില്‍ ഇന്നും നാളെയും ചര്‍ച്ച നടക്കും. നാളെ ബില്‍ ലോക്‌സഭ പാസ്സാക്കും. വ്യാഴാഴ്ച വനിതാ സംവരണ ബില്‍ രാജ്യസഭ ചര്‍ച്ച ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ പുതിയ ബില്ലിന്റെ കരട് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല.