ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ ഇന്ന് അവതരിപ്പിച്ചേക്കും. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആദ്യ ബില്ലാകും വനിതാ സാംവരണ ബില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ രാം മേഘ്‌വാള്‍ ആകും ബില്‍ അവതരിപ്പിക്കുക.
ബില്ലിന്മേല്‍ പുതിയ ലോക്‌സഭയില്‍ ഇന്നും നാളെയും ചര്‍ച്ച നടക്കും. നാളെ ബില്‍ ലോക്‌സഭ പാസ്സാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വ്യാഴാഴ്ച വനിതാ സംവരണ ബില്‍ രാജ്യസഭ ചര്‍ച്ച ചെയ്യും.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പായി പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ രാജ്യസഭാ അംഗങ്ങളും ലോക്‌സഭാ അംഗങ്ങളും ഫോട്ടോ സെഷനായി ഒത്തുകൂടി. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവര്‍ ഫോട്ടോ സെഷനില്‍ പങ്കെടുത്തു.
പാര്‍ലമെന്റ് പുതിയ മന്ദിരത്തിലേക്കു മാറ്റി ലോക്‌സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കിയിരുന്നു. ഇന്നലെ ചേർന്ന കേന്ദ്രമന്ത്രിസഭായോഗമാണ് വനിതാ സംവരണ ബില്ലിന് അംഗീകാരം നൽകിയത്. ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും വനിതാ സംവരണ ബില്ലിൽ വനിതകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്നു.