BREAKING NEWSKERALA

കെ.രാധാകൃഷ്ണനെതിരായ ജാതി വിവേചനം; സംഘാടകരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചെങ്കില്‍ തിരുത്തുമെന്ന് ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ്

കോഴിക്കോട്: ജാതി വിവേചനം നേരിട്ടെന്ന മന്ത്രി കെ രാധാകൃഷ്ണന്റെ വെളിപ്പെടുത്തലില്‍ പ്രതികരിച്ച് ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ്. സംഘാടകരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചെങ്കില്‍ തിരുത്തുമെന്ന് ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് അറിയിച്ചു. ദേവസ്വം ബോര്‍ഡില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ അനുസരിച്ച് വീഴ്ച പരിഹരിക്കുമെന്നും ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് വിശദീകരണം നല്‍കി.
ഇതിനിടെ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ ജാതി വിവേചന വെളിപ്പെടുത്തലില്‍ വിശദീകരണവുമായി അഖില കേരള തന്ത്രി സമാജവും രംഗത്തുവന്നിരുന്നു. ശുദ്ധാശുദ്ധങ്ങള്‍ പാലിക്കുന്നത് അയിത്തമായി തെറ്റിദ്ധരിക്കുന്നുവെന്നും ശുദ്ധി പാലിക്കുന്നത്, ജാതി തിരിച്ചുള്ള വിവേചനം അല്ലെന്നും അഖില കേരള തന്ത്രി സമാജം വ്യക്തമാക്കിയിരുന്നു.
മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണ്. പൂജാരി ദേവപൂജ കഴിയുന്നതുവരെ ആരെയും സ്പര്‍ശിക്കാറില്ല. ഇക്കാര്യത്തില്‍ ബ്രാഹ്‌മണ അബ്രാഹ്‌മണ ഭേദമില്ല. മാസങ്ങള്‍ക്ക് ശേഷമുള്ള വിവാദത്തില്‍ ദുഷ്ടലാക്ക് സംശയിക്കുന്നുവെന്ന് തന്ത്രി സമാജം പറയുന്നു. മന്ത്രിയുടെ ജാതി വിവേചന വെളിപ്പെടുത്തലിലാണ് അഖില കേരള തന്ത്രി സമാജത്തിന്റെ വിശദീകരണം.
അതേസമയം ജാതിവിവേചന വിവാദത്തില്‍ യോഗക്ഷേമസഭയ്ക്കും തന്ത്രി സമാജത്തിനും മറുപടിയുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. താന്‍ ആദ്യമായല്ല അമ്പലത്തില്‍ പോകുന്നത്. ക്ഷേത്രത്തിനകത്തല്ല, പുറത്തായിരുന്നു പരിപാടി. ദേവപൂജ കഴിയുന്നത് വരെ ആരെയും സ്പര്‍ശിക്കില്ലെങ്കില്‍ പിന്നെ എന്തിനാണ് പൂജാരി പുറത്തിറങ്ങിയതെന്നും മന്ത്രി ചോദിച്ചു.
മാസങ്ങള്‍ക്കുശേഷം അഭിപ്രായം പറഞ്ഞതില്‍ ഒരു ദുഷ്ടലാക്കുമില്ല. പ്രസംഗം നടത്തിയ ദിവസം രാവിലെ 2 വാര്‍ത്തകള്‍ വായിച്ചു. ദളിത് വേട്ടയുടെ വാര്‍ത്തയായിരുന്നു അത്. അതിനു ശേഷം നടന്ന പരിപാടിയില്‍ അനുഭവം പറഞ്ഞു എന്നേയുള്ളൂ. കണ്ണൂരിലെ വേദിയില്‍ തന്നെ താന്‍ പ്രതികരിച്ചിരുന്നു. അന്ന് അത് ചര്‍ച്ച ആയില്ല. ചില സമയങ്ങളാണ് ചര്‍ച്ച ഉയര്‍ത്തി കൊണ്ടുവരുന്നത് എന്നും മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു.

Related Articles

Back to top button