LATESTNATIONALTOP STORY

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കമല്‍ ഹാസന്‍ കോയമ്പത്തൂരില്‍ മത്സരിക്കും

ചെന്നൈ: അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോയമ്പത്തൂരില്‍ നിന്ന് മത്സരിക്കുമെന്ന് നടന്‍ കമല്‍ ഹാസന്‍. താരത്തിന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം യോഗത്തിലാണ് കമല്‍ ഹാസന്‍ മത്സരിക്കുന്നത് സംബന്ധിച്ച് തീരുമാനമായത്. കോയമ്പത്തൂരില്‍ കമല്‍ ഹാസന് മികച്ച പിന്തുണ ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോയമ്പത്തൂര്‍ സൗത്ത് അസംബ്ലി മണ്ഡലത്തെ പ്രതിനിധീകരിച്ച് മത്സരിച്ച കമല്‍ ഹാസന്‍ മകച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ വാനതി ശ്രീനിവാസനോട് കുറഞ്ഞ വോട്ടിനാണ് കമല്‍ പരാജയപ്പെട്ടത്.

കൂടാടെ കോയമ്പത്തൂര്‍ ജില്ലയിലെ മറ്റ് നിയമസഭാ മണ്ഡലങ്ങളിലും മക്കള്‍ നീതി മയ്യം നല്ലരീതിയില്‍ വോട്ടുകള്‍ നേടിയിരുന്നു. ഇത് ലോക്‌സഭയില്‍ പ്രതിഫലിക്കുമെന്നാണ് പാര്‍ട്ടി കണക്കുകൂട്ടുന്നത്.

തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കണോ സഖ്യമുണ്ടാക്കണോ എന്ന കാര്യത്തിലും യോഗത്തില്‍ ചര്‍ച്ച ഉയര്‍ന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഡി.എം.കെയുടെ ഒപ്പം ചേര്‍ന്ന്
മക്കള്‍ നീതി മയ്യം ഇന്ത്യ മുന്നണിയുടെ ഭാഗമായേക്കുമെന്ന റിപ്പോര്‍ട്ടുകളും നേരത്തെയുണ്ടായിരുന്നു.

എം.എന്‍.എം സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പാക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ താഴെത്തട്ടില്‍ നിന്ന് പ്രവര്‍ത്തിച്ച് തുടങ്ങണമെന്ന് ഭാരവാഹികളെയും അംഗങ്ങളെയും
അഭിസംബോധന ചെയ്യവെ കമല്‍ ഹാസന്‍ പറഞ്ഞു. മുതിര്‍ന്ന രാഷ്ട്രീയക്കാര്‍ യുവാക്കള്‍ക്ക് രാഷ്ട്രീയത്തില്‍ വഴിമാറണമെന്നും കല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

നാല് ജില്ലകളിലെ പ്രവര്‍ത്തകരുടെ യോഗമാണ് വെള്ളിയാഴ്ച കോയമ്പത്തൂരില്‍ നടന്നത്. ചെന്നൈ സൗത്ത്, കോയമ്പത്തൂര്‍, മധുര എന്നീ മൂന്ന് മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നേരത്തെതന്നെ കമല്‍ഹാസന്‍ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. 2018ലാണ് കമല്‍ ഹാസന്‍ മക്കള്‍ നീതി മയ്യം സ്ഥാപിച്ചത്.

Related Articles

Back to top button