തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസിലെ കോഴ ആരോപണത്തില്‍ പണം വാങ്ങിയെന്ന് പരാതിയില്‍ പറയുന്ന ഏപ്രില്‍ പത്തിന് അഖില്‍ മാത്യു പത്തനംതിട്ടയിലായിരുന്നെന്ന് സൂചിപ്പിക്കുന്ന ദൃശ്യം പുറത്ത്. മൈലപ്രയില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം, പണംവാങ്ങിയത് അഖില്‍ തന്നെയാണോ എന്ന കാര്യത്തില്‍ വ്യക്തതക്കുറവുണ്ടെന്ന് പരാതിക്കാരനായ ഹരിദാസന്‍ പറയുന്നു.
രണ്ടരയ്ക്ക് ശേഷമാണ് പണം കൈമാറിയതെന്നാണ് പരാതിക്കാരനായ ഹരിദാസന്‍ ആരോപിച്ചിരുന്നത്. അന്നേദിവസം 3.30 മുതല്‍ അഖില്‍ മാത്യു മൈലപ്രയിലെ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അഖിലിനൊപ്പം മന്ത്രി വീണ ജോര്‍ജും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
മൂന്ന് മണിക്ക് ആരംഭിച്ച ചടങ്ങില്‍ മൂന്നരയോടെ തന്നെ അഖില്‍ എത്തിച്ചേര്‍ന്നിരുന്നു എന്ന് വധൂവരന്മാരുള്‍പ്പടെയുളളവര്‍ പറയുന്നു. രണ്ടരയ്ക്ക് തിരുവനന്തപുരത്ത് ഉണ്ടായിരുന്ന ആള്‍ക്ക് 3.30-ന് പത്തനംതിട്ടയില്‍ എത്തിച്ചേരാന്‍ ആവില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതോടെ അഖിലിന്റെ പേരില്‍ ആള്‍മാറാട്ടം നടന്നോയെന്ന സംശയം ബലപ്പെടുകയാണ്. വീഡിയോയുടെ ആധികാരികതയുള്‍പ്പടെയുള്ള കാര്യങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ.
അഖില്‍ മാത്യുവിന്റേതായി പുറത്തുവന്ന ഫോട്ടോയിലുള്ള വ്യക്തിതന്നെയാണ് പണം കൈപറ്റിയതെന്നാണ് ഹരിദാസന്‍ പറഞ്ഞിരുന്നത്. എന്നാല്‍, കാഴ്ചപരിമിതിയുണ്ടെന്നും അതിനാല്‍ തന്നെ ഇയാള്‍ത്തന്നെയാണോ പണംവാങ്ങിയതെന്ന കാര്യത്തില്‍ വ്യക്തതക്കുറവുണ്ടെന്നും വീഡിയോ പുറത്തുവന്നശേഷം ഹരിദാസന്‍ പ്രതികരിച്ചു. അഖില്‍ മാത്യുവിനെ അതിനു മുമ്പോ ശേഷമോ കണ്ടിട്ടില്ലെന്നും മറ്റു സംഭാഷണങ്ങളൊന്നുമുണ്ടായില്ലെന്നും ഹരിദാസന്‍ പറഞ്ഞു. ഇതോടെയാണ് ആള്‍മാറാട്ടം നടന്നിട്ടുണ്ടോ എന്ന സംശയം ഉയരുന്നത്.
1,124 1 minute read