കോഴിക്കോട് : മെഡിക്കല്‍കോളേജ് ഐ.സി.യു. പീഡനക്കേസില്‍ പരിശോധനനടത്തിയ ഗൈനക്കോളജിസ്റ്റിന്റെ ഭാഗത്ത് വീഴ്ചസംഭവിച്ചിട്ടില്ലെന്നും അതിനാല്‍ അതിജീവിതയുടെ പരാതിയില്‍ തുടര്‍നടപടികളെടുത്തിട്ടില്ലെന്നും മെഡിക്കല്‍ കോളേജ് അസി. കമ്മിഷണര്‍. അതിജീവിതയെ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം. ഇതിനെതിരേ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അതിജീവിത.തൈറോയിഡ് ശസ്ത്രക്രിയകഴിഞ്ഞ് ഐ.സി.യു.വിലേക്ക് മാറ്റിയപ്പോള്‍ മാര്‍ച്ച് 18-നാണ് അതിജീവിത പീഡനത്തിനിരയായത്. പരിശോധനനടത്തിയ ഗൈനക്കോളജിസ്റ്റ് ഡോ. കെ.വി. പ്രീതി വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയില്ലെന്നാണ് അതിജീവിതയുടെ ആരോപണം. തുടര്‍ന്ന് ഗൈനക്കോളജിസ്റ്റിനെതിരേ കമ്മിഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു.
മെഡിക്കല്‍ കോളേജ് അസി. കമ്മിഷണര്‍ കെ. സുദര്‍ശനാണ് അന്വേഷണംനടത്തി കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട്‌നല്‍കിയത്. ഗൈനക്കോളജിസ്റ്റ്, ജൂനിയര്‍ ഡോക്ടര്‍, നഴ്സ്, അന്വേഷണം നടത്തിയ പോലീസ്, ഗൈനക്കോളജിവിഭാഗം യൂണിറ്റ് ചീഫ്, അതിജീവിതയുടെ അടുത്തബന്ധുക്കള്‍ എന്നിവരുടെയെല്ലാം മൊഴി മെഡിക്കല്‍ കോളേജ് അസി. കമ്മിഷണര്‍ രേഖപ്പെടുത്തിയിരുന്നു. ഗൈനക്കോളജിസ്റ്റ് മെഡിക്കല്‍ പരിശോധന നടത്തിയ സമയത്തും റിപ്പോര്‍ട്ട് തയ്യാറാക്കിയപ്പോഴും അവരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായില്ലെന്നാണ് അതിനുശേഷംനല്‍കിയ അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നത്.
അസി. കമ്മിഷണറുടെ അന്വേഷണറിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം കിട്ടിയശേഷം തുടര്‍നടപടി സ്വീകരിക്കാനാണ് അതിജീവിതയുടെ തീരുമാനം. ഗൈനക്കോളജിസ്റ്റ് സ്ത്രീയെന്ന പരിഗണനപോലും നല്‍കാതെയാണ് പെരുമാറിയതെന്ന് അതിജീവിത പറഞ്ഞു. സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് പറയുമ്പോഴും സംഘടനാബലവും അധികാരവുംകൊണ്ട് ചിലര്‍ സത്യത്തെ മൂടിവെക്കാന്‍ ശ്രമിക്കുകയാണ്. പുനരന്വേഷണം ആവശ്യപ്പെടുമെന്ന് അതിജീവിത വ്യക്തമാക്കി.
കമ്മിഷണര്‍ക്കെതിരേ ഡി.ജി.പി.ക്കും അതിജീവിത പരാതിനല്‍കിയിരുന്നു. പീഡനക്കേസിലെ പ്രതി എം.എം. ശശീന്ദ്രന്റെയും അതിജീവിതയെ ഭീഷണിപ്പെടുത്തിയ അഞ്ച് ജീവനക്കാരുടെയും സസ്‌പെന്‍ഷന്‍ ഒരാഴ്ചമുമ്പ് നീട്ടിയിരുന്നു. നിയമപോരാട്ടവുമായി മുന്നോട്ടുപോകുമെന്ന് സമരസമിതിക്ക് നേതൃത്വം നല്‍കുന്ന നൗഷാദ് തെക്കയിലും വ്യക്തമാക്കി.
1,076 1 minute read