BREAKING NEWSKERALALATEST

ഡോ.വന്ദനാദാസിന്റെ കൊലപാതകം; പൊലീസുകാര്‍ക്ക് വീഴ്ചയെന്ന് കണ്ടെത്തല്‍

തിരുവനന്തപുരം: ഡോ. വന്ദനാദാസിന്റെ കൊലപാതകത്തില്‍ പോലീസുകാര്‍ക്ക് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തല്‍. രണ്ട് എ.എസ്.ഐമാര്‍ക്ക് എതിരേ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആര്‍ നിശാന്തിനിയുടേതാണ് നടപടി. എ.എസ്.ഐമാരായ ബേബി മോഹന്‍, മണിലാല്‍ എന്നിവര്‍ക്ക് എതിരേയാണ് നടപടി. ആക്രമണത്തിനിടെ പോലീസുകാര്‍ സ്വയരക്ഷാര്‍ത്ഥം ഓടിപ്പോയെന്ന് ഡി.ഐ.ജിയുടെ കണ്ടെത്തല്‍.
അക്രമാസക്തനായ പ്രതിയെ കീഴ്പ്പെടുത്താനോ വരുതിയിലാക്കാനോ നടപടി എടുത്തില്ല. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ സ്വന്തം രക്ഷ നോക്കരുതെന്ന ചട്ടം ലംഘിച്ചെന്നും കണ്ടെത്തല്‍. കൂടാതെ ഓടിപ്പോയത് പോലീസിന്റെ സത്പേരിന് കളങ്കമായെന്നും വിമര്‍ശനം. ഡോ.വന്ദനയ്‌ക്കെതിരായ ആക്രമണത്തില്‍ പൊലീസിനു ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന ആരോപണം തുടക്കം മുതലേയുണ്ടായിരുന്നു.
മേയ് 10ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ ഡോ.വന്ദനാദാസിനെ പ്രതി ജി.സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്. കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു ഡോ.വന്ദന. ഹൗസ് സര്‍ജനായി ജോലി ചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. ചികിത്സക്കായി ആശുപത്രിയില്‍ പൊലീസെത്തിച്ച പ്രതി ഡോക്ടറെ കുത്തിക്കൊല്ലുകയായിരുന്നു. പൊലീസ് വൈദ്യപരിശോധനക്ക് കൊണ്ടുവന്ന സന്ദീപ് ഡോ. വന്ദനയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

Related Articles

Back to top button