BREAKING NEWSWORLD

രണ്ടാം ലോക മഹായുദ്ധകാലത്തെ ‘രഹസ്യ ചാര’ ടണലുകള്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കാന്‍ ലണ്ടന്‍

രണ്ട് ലോക മഹായുദ്ധങ്ങളിലും യൂറോപ്പിലെ ഓരോ രാജ്യവും തങ്ങളുടെ പൗരന്മാര്‍ക്ക് സുരക്ഷിതമായി ഒളിക്കാന്‍ നിരവധി രഹസ്യ ഇടങ്ങള്‍ നിര്‍മ്മിച്ചിരുന്നു. സമാനമായി, ഒരു സ്ഥലത്ത് നിന്നും മറ്റൊരിടത്തേക്ക് സഞ്ചരിക്കാന്‍ സൈനികര്‍ പല രഹസ്യ തുരങ്കങ്ങളും ഉപയോഗിച്ചിരുന്നു. എന്നാല്‍ രണ്ടാം ലോകയുദ്ധാനന്തരം ഈ തുരങ്കങ്ങള്‍ ഉപയോഗിക്കാതെ പതുക്കെ വിസ്മൃതിയിലേക്ക് മറഞ്ഞു. എന്നാല്‍, ഇന്ന് അവശിഷ്ടങ്ങളായി തുടരുന്ന രാജ്യത്തെ ഇത്തരം തുരങ്കങ്ങളെ പുനര്‍നിര്‍മ്മിച്ച് വിനോദ സഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് ബ്രിട്ടീഷ് സര്‍ക്കാര്‍.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ലണ്ടനിലെ ഇത്തരത്തിലുള്ള ഒരു രഹസ്യ തുരങ്കം പൂര്‍ണ്ണമായും പുനര്‍നിര്‍മ്മിച്ച് വിനോദ സഞ്ചാരികള്‍ക്കായി തുറന്ന് കൊടുക്കാനുള്ള ഒരുക്കത്തിലാണ്. വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ സീക്രട്ട് ആര്‍മി ഈ രഹസ്യ തുരങ്കങ്ങള്‍ ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഈ റൂട്ടുകള്‍ കിംഗ്‌സ്‌വേ എക്‌സ്‌ചേഞ്ച് (ഗശിഴംെമ്യ ഋഃരവമിഴല) എന്നും അറിയപ്പെട്ടിരുന്നു. നഗരത്തിലെ ഹൈ ഹോള്‍ബോണിന് താഴെ സ്ഥിതി ചെയ്യുന്ന ഇത്തരം ഭൂഗര്‍ഭ തുരങ്കങ്ങളുടെ ഒരു മൈല്‍ നീളമുള്ള ശൃംഖലയാണ് ഏറ്റവും രഹസ്യമായ ഇടം. യുദ്ധകാലത്ത് ലണ്ടന്‍ നിവാസികള്‍ക്ക് അഭയം നല്‍കാനാണ് ഇവ നിര്‍മ്മിച്ചത്.
പിന്നീട്, ശീതയുദ്ധത്തിന്റെ തുടക്കത്തില്‍, തുരങ്കം വിപുലീകരിച്ചു. വൈറ്റ് ഹൗസിനും ക്രെംലിനും ഇടയിലുള്ള ഒരു ഹോട്ട്ലൈനായി പ്രവര്‍ത്തിക്കുന്ന ഈ തുരങ്കങ്ങള്‍ക്കിടയില്‍ അറ്റ്‌ലാന്റിക് ടെലിഫോണ്‍ കേബിള്‍ പ്രവര്‍ത്തിപ്പിക്കുകയും തുടര്‍ന്ന് ഇത് കിംഗ്സ്വേ ടെലിഫോണ്‍ എക്സ്ചേഞ്ച് എന്ന പേരിലും അറിയപ്പെടാന്‍ തുടങ്ങി. യുകെ രഹസ്യാന്വേഷണ ഏജന്‍സിയായ ങക6 (മിലിറ്ററി ഇന്റലിജന്‍സ്, സെക്ഷന്‍ 6) വര്‍ഷങ്ങളായി ഈ രഹസ്യ തുരങ്ക ശൃംഖല ഉപയോഗിക്കുന്നുണ്ട്. 70 വര്‍ഷത്തോളം ഒഫീഷ്യല്‍ സീക്രട്ട് ആക്ട് പ്രകാരം രഹസ്യ തുരങ്കം മറ്റുള്ളവരില്‍ നിന്നും ഇംഗ്ലണ്ട് മറച്ചു വെച്ചിരുന്നു. ‘ദ ലണ്ടന്‍ ടണല്‍സ് ലിമിറ്റഡ്’ എന്ന കമ്പനിക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ കിംഗ്സ്വേ എക്സ്ചേഞ്ച് വില്‍ക്കാന്‍ തീരുമാനിച്ചതാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍. ഈ സൈറ്റ് ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. ആംഗസ് മുറെ എന്ന ഓസ്ട്രേലിയന്‍ ബാങ്കര്‍ ഈ പദ്ധതിയില്‍ 220 ദശലക്ഷം യൂറോ നിക്ഷേപിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു കഴിഞ്ഞു. എല്ലാം കൃത്യസമയത്ത് നടന്നാല്‍, 2027 ഓടെ ഇത് പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.

Related Articles

Back to top button