BREAKING NEWSKERALA

നമിതയെ ബൈക്കിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി ആന്‍സണെ കാപ്പ ചുമത്തി ജയിലിലടച്ചു

കൊച്ചി: മൂവാറ്റുപുഴയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ വിദ്യാര്‍ത്ഥിനിയെ ബൈക്കിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് കാപ്പ ചുമത്തി ജയിലിലടച്ചു. ബൈക്കോടിച്ച ഏനാനല്ലൂര്‍ കുഴുമ്പിത്താഴം സ്വദേശി ആന്‍സണ്‍ റോയ് (23) യെയാണ് കാപ്പ ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചത്. ജൂലായ് 26-ന് വൈകിട്ട് നാലരയോടെയാണ് മൂവാറ്റുപുഴ നിര്‍മ്മല കോളജിലെ അവസാന വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിനി വാളകം കുന്നക്കല്‍ വടക്കേ പുഷ്പകം വീട്ടില്‍ നമിത, ആന്‍സണ്‍ അമിത വേഗത്തില്‍ ഓടിച്ച ബൈക്കിടിച്ച് മരിച്ചത്. സംഭവത്തില്‍ ബൈക്കോടിച്ച ആന്‍സണ്‍ റോയിക്കെതിരെ കുറ്റകരമായ നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് ആന്‍സണെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി എറണാകുളം ജില്ലാ പൊലീസ് മേധാവി വിവേക് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതിയായ ആന്‍സണിനെതിരെ കാപ്പ ചുമത്തി ജയിലിലടച്ചത്. മൂവാറ്റുപുഴ, വാഴക്കുളം എന്നീ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ കൊലപാതകശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കടന്ന് നാശനഷ്ടമുണ്ടാക്കുക തുടങ്ങിയ വിവിധ കേസുകളിലും പ്രതിയാണ് ഇയാള്‍. ബൈക്കോടിച്ച ആണ്‍സണ് ലൈസന്‍സോ ലേണേഴ്‌സ് ലൈസന്‍സോ ഇല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. അപകടം നടന്നശേഷം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ആന്‍സണ്‍ ആശുപത്രി വിട്ടശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ഇറങ്ങിയ നമിതയെയും കൂട്ടുകാരി അനുശ്രീയേയും കോളേജ് ജംഗ്ഷനില്‍ റോഡ് മുറിച്ച്കടക്കുന്നതിനിടെ മൂവാറ്റുപുഴ ഭാഗത്ത് നിന്ന് വന്ന ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ അനുശ്രീക്കും പരിക്കേറ്റിരുന്നു. ഇരുപതാം പിറന്നാള്‍ ആഘോഷിക്കാനൊരുങ്ങവെയാണ് മകളുടെ മരണവാര്‍ത്ത നമിതയുടെ വീട്ടുകാരെ തേടിയെത്തിയത്. മകളുടെ ജീവനെടുത്ത കേസില്‍ പ്രതി ആന്‍സണ്‍ റോയ്ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് നമിതയുടെ മാതാപിതാക്കള്‍ ഗിരിജയും രഘുവും ആവശ്യപ്പെടുന്നത്. നിരവധി കേസുകളിലെ പ്രതിയാണെന്ന് കണ്ടെത്തിയതോടെ കാപ്പ ചുമത്താന്‍ ഉള്ള നടപടികള്‍ നേരത്തെ തന്നെ പൊലീസ് ആരംഭിച്ചിരുന്നു.

Related Articles

Back to top button