BREAKING NEWSKERALA

‘ഇവിടെയും ഇ.ഡി. വരും’; കെ.എസ്.എഫ്.ഇയ്ക്ക് മുന്നറിയിപ്പ് നല്‍കി എ.കെ. ബാലന്‍

കോഴിക്കോട്: കെ.എസ്.എഫ്.ഇ-യിലും ഇ.ഡി. വരുമെന്ന മുന്നറിയിപ്പുമായി സി.പി.എം നേതാവ് എ.കെ. ബാലന്‍. മുമ്പ് ഇവിടെ 25 കോടിയുടെ വെട്ടിപ്പ് നടന്നു. സമാനസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത വേണമെന്നും എ.കെ ബാലന്‍ പറഞ്ഞു. കെ.എസ്.എഫ്.ഇ ഓഫീസേഴ്സ് യൂണിയന്റെ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരുവന്നൂര്‍ തട്ടിപ്പ് പുറത്തുവരുന്നതിന് മുമ്പുതന്നെ കെ.എസ്.എഫ്.ഇയില്‍ പ്രശ്‌നം ഉണ്ടായിട്ടുണ്ട് എ.കെ. ബാലന്‍ പറഞ്ഞു. നേരത്തെ കെ.എസ്.എഫ്.ഇയില്‍ നടന്ന 25 കോടിയുടെ വെട്ടിപ്പ് സംബന്ധിച്ച ആരോപണത്തെക്കുറിച്ചും അദ്ദേഹം ഓര്‍മിപ്പിച്ചു. ‘കുറച്ചു കാലം മുമ്പായിരുന്നു കെ.എസ്.എഫ്.ഇ. കോ-ഓറേറ്റീവ് സൊസൈറ്റിയില്‍ 25 കോടിയുടെ വെട്ടിപ്പ് നടന്നത്. 24 പ്രതികളില്‍ 21 പ്രതികളും ഇവിടെ നിന്നുള്ളവരായിരുന്നു. അതില്‍ ഭൂരിപക്ഷവും നിരപരാധികളായിരുന്നു. ഒരു സ്ഥാപനത്തെ ഏതുരൂപത്തിലായിരുന്നു നശിപ്പിച്ചത്. 10 വര്‍ഷം നീണ്ടുനില്‍ക്കുന്ന തട്ടിപ്പ് എപ്പോഴാണ് കണ്ടെത്തുന്നത്. അത് അവിടെ മാത്രം നില്‍ക്കും എന്ന് ധരിക്കരുത്. കരുവന്നൂര്‍ തുടങ്ങുന്നതിനേക്കാള്‍ മുമ്പ് തന്നെ നമ്മള്‍ ഇവിടെ തുടക്കം കുറിച്ച് കാണിച്ചവരാണ്, അത് മറക്കരുത്. കോപ്പറേറ്റീവ് ഡിപ്പാര്‍ട്‌മെന്റില്‍ നിന്ന് ഓഡിറ്റിന് വന്ന രണ്ട് ഉദ്യോഗസ്ഥന്മാരെ എങ്ങനെയാണ് തട്ടിപ്പുകാര്‍ക്ക് വിലക്കെടുക്കാന്‍ സാധിച്ചത്. നമ്മള്‍ നോക്കി നിന്നില്ലേ. ഇവിടെയും ഇന്നല്ലെങ്കില്‍ നാളെ അത് വരും. അത് സ്ഥാപനത്തെ ബാധിക്കും’, എ.കെ. ബാലന്‍ പറഞ്ഞു.
ചില ബ്രാഞ്ചുകളില്‍ ബിസിനസ് ടാര്‍ഗറ്റ് പൂര്‍ത്തീകരിക്കാന്‍ വേണ്ടി വ്യാജമായ ചിട്ടി രൂപപ്പെട്ടിരുന്നു. അങ്ങനെ വരുമ്പോള്‍ ലിക്വിഡിറ്റിയുടെ പ്രശ്‌നം വരും. കമ്പനിയുടെ എഫ്.ഡിയില്‍ നിന്ന് എടുത്തിട്ടായിരുന്നു ലിക്വിഡിറ്റി പ്രശ്‌നം പരിഹരിച്ചത്. അത് കമ്പനിയുടെ നിലനില്പിനെ ബാധിക്കും. ഇത്തരത്തിലുള്ള ഒരു പ്രവണതയെക്കുറിച്ച് ഓഫീസേഴ്‌സ് യൂണിയനും വര്‍ക്കേഴ്‌സ് അസോസിയേഷനും മാനേജ്‌മെന്റും ഇടക്കിടെ ഓര്‍മ്മപ്പെടുത്താറുണ്ട്. അതിന്റെ ഭാഗമായിട്ടാണ് പ്രസംഗത്തില്‍ സൂചിപ്പിച്ചതെന്ന് അദ്ദേഹം പ്രസംഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
‘കഴിഞ്ഞ ഒരുവര്‍ഷത്തിനിടയില്‍ അതിശക്തമായ ഇടപെടലിന്റെ ഭാഗമായി പൊള്ള ചിട്ടി ഇല്ലാതാക്കാന്‍ സാധിച്ചു. ശാസ്ത്രീയമായിത്തന്നെ ടാര്‍ഗറ്റ് കൊടുത്തു. അതിന്റെ ഭാഗമായി കൃത്രിമമായി ടാര്‍ഗറ്റ് ഉണ്ടാക്കുന്നതിനുള്ള പരക്കം പാച്ചില്‍ ഇല്ലാതായി. 2023-24 അര്‍ധവാര്‍ഷിക ചിട്ടി ബിസിനസില്‍ ലക്ഷ്യംവെച്ചത് 500 കോടിയായിരുന്നു. 502.42 കോടി ബിസിനസ് നേടി. അതില്‍ ഒരൊറ്റ പൊള്ള ചിട്ടിയും കണ്ടുപിടിക്കാന്‍ സാധിച്ചിട്ടില്ല. ആരെങ്കിലും പൊള്ള ചിട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ശക്തമായ നിലപാട് സ്വീകരിക്കും’, എ.കെ. ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Related Articles

Back to top button