KERALALATEST

കന്യാകുമാരിയിലെ സ്വകാര്യ കോളേജ് വിദ്യാർത്ഥിനി ഹോസ്റ്റലിൽ ജീവനൊടുക്കിയ സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ

അറസ്റ്റിലായ അധ്യാപകൻ പരമശിവം, മറ്റു പ്രതികളായ ഹരീഷ്, പ്രീതി

കന്യാകുമാരി: കന്യാകുമാരി ജില്ലയിലെ കുലശേഖരം ശ്രീ മൂകാംബിക മെഡിക്കൽ കോളേജിലെ ഹോസ്റ്റലിൽ വിദ്യാർത്ഥിനി സ്വയം മരുന്ന് കുത്തി വച്ച് ജീവനൊടുക്കിയ സംഭവത്തിൽ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. നിലവിൽ കേസും സിബിസിഐഡി പൊലീസിന് കൈമാറി. തൂത്തുകുടി സ്വദേശി ശിവകുമാറിന്റെ മകൾ സുഹിർത (27) ജീവനൊടുക്കിയ സംഭവത്തിലാണ് അധ്യാപകനായ മധുര സ്വദേശി പരമശിവത്തെ (65) പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ആറിന് വൈകുന്നേരമായിരുന്നു വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്ന് സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യ കുറുപ്പും പൊലീസ് കൈപ്പറ്റിയിരുന്നു. തന്റെ മരണത്തിന് അധ്യാപകനും രണ്ട് സീനിയർ വിദ്യാർത്ഥികളും ആണ് കാരണമെന്നും അധ്യാപകനായ പരമശിവം തന്നെ ശാരീരികമായി പീഡിപ്പിക്കുകയും സീനിയർ വിദ്യാർത്ഥികളായ ഹരീഷും പ്രീതിയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായിട്ടാണ് കുറുപ്പിൽ എഴുതിയിരുന്നത്.

 

മരുന്ന് സ്വയം കുത്തി വച്ചാണ് സുഹിർത ജീവനൊടുക്കിയത്. സുഹിർത ഹോസ്റ്റൽ മുറിയിലെ വാതിൽ തുറക്കാത്തതിനെ തുടർന്ന് കുലശേഖരം പൊലീസ് സംഭവ സ്ഥലത്ത് എത്തി വാതിൽ തകർത്ത് പരിശോധന നടത്തിയപ്പോഴാണ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടത്. മരണം നടന്ന് മൂന്നാം ദിവസം പൊലീസ് കേസ് എടുത്തെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്തിരുന്നില്ല. നാട്ടുകാരുടെ പ്രതിഷേധത്തിന് ഒടുവിലാണ് ഇന്നലെ രാത്രി പരമശിവത്തെ അറസ്റ്റ് ചെയ്തത്. തക്കല ഡിവൈഎസ്പി ഉദയസൂര്യന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് ഇന്നലെ പ്രതിയെ പിടികൂടിയത്. ഇന്നലെ രാത്രി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Also Read- ശസ്ത്രക്രിയ നേരത്തെയാക്കാൻ 2000 രൂപ കൈക്കൂലി; കാസർഗോഡ് ഡോക്ടർക്ക് സസ്പെൻഷൻ

ഇതിന് മുമ്പും കോളേജിൽ വിദ്യാർത്ഥികൾ ജീവനൊടുക്കിയിട്ടുണ്ട്. എന്നാൽ ഇതൊന്നും പുറലോകം അറിയാതെ കോളേജ് മാനേജ്മെന്റ് ഒതുക്കി തീർത്തതായാണ് ആക്ഷേപം. ഇവിടെ എത്തുന്ന വിദ്യാർത്ഥികളിൽ 50 ശതമാനത്തിൽ അധികവും കേരളത്തിൽ നിന്നുള്ളവരാണ്. സംഭവവുമായി ബന്ധപ്പെട്ട് സിബിസിഐഡി ഡിവൈഎസ്പി രാജ് കുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു. അന്വേഷണം ഊർജിതമാക്കിയ പൊലീസ് ഒളിവിൽ പോയ പ്രതികളായ പ്രീതിക്കും ഹരീഷിനും വേണ്ടിയുള്ള തിരച്ചിൽ ഊര്‍ജിതമാക്കി.

Related Articles

Back to top button