BREAKING NEWSWORLD

ഗാസയില്‍ നിന്ന് പലായനം ചെയ്യുന്നവര്‍ക്ക് നേരെ ഇസ്രയേല്‍ വ്യോമാക്രമണം; 70 പേര്‍ കൊല്ലപ്പെട്ടു

ടെല്‍ അവീവ്: ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ബോംബുകള്‍ പറന്നുവീഴുന്ന സ്വന്തം നാട്ടില്‍ നിന്ന് ജീവനും കൊണ്ട് കാറുകളില്‍ രക്ഷപ്പെടുകയായിരുന്ന സംഘത്തിന് നേരെയാണ് ആക്രമണം നടന്നത്. ഇതടക്കം ഗാസയില്‍ കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം ഇതോടെ 1900 കടന്നു. 24 മണിക്കൂറിനകം ഗാസ വിടണമെന്ന ഇസ്രയേല്‍ മുന്നറിയിപ്പിന് പിന്നാലെ, പതിനായിരങ്ങള്‍ വടക്കന്‍ ഗാസയില്‍നിന്ന് വീട് വിട്ട് പലായനം ചെയ്തു.
ഇസ്രയേല്‍ ആക്രമണത്തിലാണ് 70 പേരും കൊല്ലപ്പെട്ടതെന്ന് ഹമാസ് ആരോപിച്ചു. ഒഴിഞ്ഞു പോകുന്നവര്‍ക്ക് മേല്‍ ഇസ്രയേല്‍ ആക്രമണം നടത്തുകയാണെന്നും ഹമാസ് കുറ്റപ്പെടുത്തി. ഗാസയില്‍ സുരക്ഷിത മേഖലകള്‍ നിശ്ചയിക്കാന്‍ ചര്‍ച്ച നടത്തുകയാണെന്ന് അമേരിക്കയും പ്രതികരിച്ചു. ഉചിതമായ സമയത്ത് യുദ്ധത്തില്‍ പങ്കുചേരുമെന്ന് ലെബനോനിലെ ഭരണ പങ്കാളി കൂടിയായ ഹിസ്ബുല്ല വ്യക്തമാക്കി.
ഗാസ അതിര്‍ത്തിയില്‍ സൈനിക നടപടി ഉണ്ടായെന്ന് ഇസ്രയേല്‍ അറിയിച്ചു. ആയുധങ്ങള്‍ കണ്ടെത്താനും ബന്ദികളെക്കുറിച്ച് വിവരം കിട്ടാനും ആയിരുന്നു സൈനിക നടപടി. സംഘര്‍ഷം കുറയ്ക്കാന്‍ അടിയന്തിരമായി ഇടപെടണമെന്ന് പലസ്തീന്‍ യുഎന്നിനോട് ആവശ്യപ്പെട്ടു. മേഖലയില്‍ രക്തചൊരിച്ചില്‍ ഒഴിവാക്കാന്‍ ചര്‍ച്ച നടത്തുകയാണെന്ന് ഖത്തറും ഗാസയ്ക്കുള്ളില്‍ സുരക്ഷിത മേഖലകള്‍ നിശ്ചയിക്കാന്‍ ഇസ്രയേലുമായി ചര്‍ച്ച നടത്തുന്നുവെന്ന് അമേരിക്കയും വ്യക്തമാക്കി. അതിനിടെ ലെബനോനില്‍നിന്ന് വീണ്ടും ഇസ്രയേലിന് നേരെ വെടിവയ്പ്പുണ്ടായി. ഇതിന് തിരിച്ചടി നല്‍കിയെന്ന് ഇസ്രയേല്‍ അറിയിക്കുന്നു. അതിനിടെ ലെബനോനില്‍ റോയിട്ടേഴ്സ് മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു.

Related Articles

Back to top button