BREAKING NEWSKERALA

‘വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ചാണ്ടിയുടെ പേരിടണമെന്നത് പരിഹാസ്യം’: എം വി ഗോവിന്ദന്‍

കോഴിക്കോട്: ലോകത്ത് തന്നെയുള്ള ഏറ്റവും പ്രധാനപ്പെട്ട തുറമുഖമായി വിഴിഞ്ഞം മാറുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നായനാരുടെ കാലത്തായിരുന്നു വിഴിഞ്ഞം തുറമുഖത്തിന്റെ ആരംഭം. ചൈനയുമായി കമ്പനിക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് പ്രവര്‍ത്തനങ്ങള്‍ നടന്നില്ല. തുറമുഖത്തിന്റെ പിതൃത്വം പലരും അവകാശപ്പെടുന്നുണ്ട്. ഇടതു പക്ഷ മുന്നണി അധികാരത്തില്‍ എത്തിയപ്പോഴാണ് പദ്ധതി മുന്നോട്ട് പോയതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
തുറമുഖത്തിന് ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കണമെന്ന് ആവശ്യമുയരുന്നുണ്ട്. പരിഹാസ്യമായ ഒരു നിലപാട് മാത്രമാണത്. എന്നാല്‍ അത് യാഥാര്‍ഥ്യമാക്കും എന്നത് സര്‍ക്കാരിന്റെ നിലപാട് ആയിരുന്നു. തുറമുഖം വരുന്നതില്‍ ജനങ്ങള്‍ ആഹ്‌ളാദത്തിലാണ്. ഉടന്‍ തന്നെ ബാക്കി ഉള്ള പണി കൂടി പൂര്‍ത്തിയാക്കി അതിന്റെ ഉദ്ഘാടനം കൂടി നടത്താന്‍ പിണറായി സര്‍ക്കാരിനാകുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യമാണ് വിഴിഞ്ഞം തുറമുഖത്തിന് പിന്നിലെന്നും വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേര് നല്‍കണമെന്നും രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സെക്രട്ടറിയേറ്റിലേക്ക് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അദാനിക്ക് പൂര്‍ണമായും കീഴടങ്ങി കൊണ്ടാണ് വിഴിഞ്ഞം പദ്ധതിയില്‍ സര്‍ക്കാര്‍ മുന്നോട്ടുപോയതെന്നും ചെന്നിത്തല കുറ്റപ്പെടുത്തിയിരുന്നു. കേരളത്തിലെ പരമ്പരാഗത മല്‍സ്യമേഖലയെയും തീരദേശ വാസികളെയും പരിപൂര്‍ണ്ണമായും വഞ്ചിക്കുകയും യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പില്‍ വരുത്തിയ ഭവന പദ്ധതികള്‍ ഉള്‍പ്പെടെയുള്ള എല്ലാ ക്ഷേമ പദ്ധതികളും അട്ടിമറിക്കുകയും നിര്‍ത്തല്‍ ചെയ്യുകയും ചെയ്ത പിണറായി സര്‍ക്കാരിനെതിരെ സന്ധിയില്ലാ സമരത്തിന് കേരളം കാത്തിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

Related Articles

Back to top button