തൃശ്ശൂര്‍: പുത്തൂര്‍ കൈനൂര്‍ ചിറയില്‍ കുളിക്കാനിറങ്ങിയ നാല് കോളേജ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. പൂങ്കുന്നം സ്വദേശി അര്‍ജുന്‍ അലോഷ്യസ്, കുറ്റൂര്‍ സ്വദേശി അബി ജോണ്‍, നിവേദ് കൃഷ്ണ, വടൂക്കര സ്വദേശി സിയാദ് ഹുസൈന്‍ എന്നിവരാണ് മരിച്ചത്. സെന്റ് അലോഷ്യസ് കോളേജിലെയും തൃശ്ശൂര്‍ സെന്റ് തോമസ് കോളേജിലെയും ബിരുദ വിദ്യാര്‍ഥികളാണ് ഇവര്‍.
തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30-ഓടെയാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. ഈ സമയത്ത് പ്രദേശവാസികളൊന്നും സ്ഥലത്ത് ഇല്ലായിരുന്നു. അപകടത്തില്‍പ്പെട്ട കുട്ടികളുടെ ബഹളംകേട്ട് പ്രദേശവാസികള്‍ സ്ഥലത്തേക്ക് എത്തുമ്പോഴേക്കും വിദ്യാര്‍ഥികള്‍ മുങ്ങിത്താണിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്.
ജലസേചനത്തിനും കൃഷി ആവശ്യങ്ങള്‍ക്കുമായി വെള്ളം സംഭരിക്കുന്നതിനായി കെട്ടിയ ചിറയിലാണ് അപകടം. കഴിഞ്ഞ ദിവസത്തെ മഴയില്‍ ചിറയിലെ ജലനിരപ്പ് ഉയര്‍ന്നിരുന്നു. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തമത്തിന് ശ്രമിച്ചെങ്കിലും നാലുപേരുടെയും ജീവന്‍ രക്ഷിക്കാനായില്ല.
നാലു പേരുടെ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് നിലവില്‍ ലഭ്യമാകുന്ന വിവരം.
1,061 Less than a minute