BREAKING NEWSKERALALATEST

കരിമ്പൂച്ചയും ജെസിബിയും മാത്രമല്ല ദൗത്യസംഘം; പോകുന്നത് ഉന്നതരിലേക്ക്: റവന്യു മന്ത്രി

കോഴിക്കോട്: കയ്യേറ്റങ്ങളേയും കുടിയേറ്റങ്ങളേയും സര്‍ക്കാര്‍ ഒരുപോലെയല്ല കാണുന്നതെന്ന് റവന്യു മന്ത്രി കെ രാജന്‍. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

‘സാധാരണക്കാരായ, ഭൂമിക്ക് മറ്റു വകയില്ലാത്ത, ഞങ്ങളുടെയൊക്കെ പഴയ ഭാഷയില്‍ പറഞ്ഞാല്‍, മരിച്ചാല്‍ കുഴിച്ചിടാന്‍ ആറടി മണ്ണുപോലും സ്വന്തമല്ലാത്ത ജനതയെ ഏതെങ്കിലും വിധത്തില്‍ കയ്യേറ്റക്കാരാണെന്ന് കാണിച്ച് ഒഴിപ്പിക്കാനുള്ള യാതൊരു ശ്രമവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നില്ല. കോടതി പറഞ്ഞതുപോലെയുള്ള നടപടികളാണ് എടുക്കുന്നത്’- മന്ത്രി പറഞ്ഞു.

ജീവിക്കാനുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായി കുടിയേറിയ ആളുകളെ ഏതെങ്കിലും വിധത്തില്‍ ഭീകരപ്രവര്‍ത്തനത്തിലൂടെ ഒഴിപ്പിക്കാനുള്ള നയം സര്‍ക്കാരിനില്ല. ഏറ്റവും സാധാരണക്കാരയ മനുഷ്യരെ കേവലമായ ചട്ടക്കൂടുകള്‍ കാണിച്ച് ഭീഷണിപ്പെടുത്തില്ല.

കരിമ്പൂച്ചയും ജെസിബിയും ഒക്കെയുള്ള ദൗത്യസംഘങ്ങള്‍ മാത്രമാണ് ദൗത്യസംഘങ്ങളായ് ഉള്ളതെന്ന മാധ്യമങ്ങള്‍ കാണരുത്. പട്ടയമിഷന്റെ ഭാഗമായി താലൂക്ക്, ജില്ലാ, സംസ്ഥാനതല ദൗത്യ സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. അത് സമാന്തരമായി പോകുന്നുണ്ട്. അത് സാധാരണക്കാര്‍ക്ക് ഭൂമി കൊടുക്കുന്ന ദൗത്യസംഘങ്ങളാണ്. അത് സര്‍ക്കാരിന് പ്ലസ് കിട്ടുന്ന സംഘം ആയതിനാല്‍ മാധ്യമങ്ങള്‍ അവരെക്കുറിച്ച് പറയുന്നില്ല.

ഉന്നതരിലേക്കേ ഈ ദൗത്യസംഘം പോവുകയുള്ളു. സാധാരണക്കാരായ ജനങ്ങള്‍ക്ക് ഒരു കാരണവശാലും ഭയം വേണ്ട. മാധ്യമങ്ങള്‍ ആശങ്ക വളര്‍ത്തുകയാണ് എന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button