ലണ്ടന്‍: ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഇന്ന് ഇസ്രയേല്‍ സന്ദര്‍ശിക്കും. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി സുനക് ചര്‍ച്ച നടത്തും.
ഓരോ മരണവും ഒരു ദുരന്തമാണ്. ഹമാസിന്റെ ഭീകരപ്രവര്‍ത്തനത്തെ തുടര്‍ന്ന് നിരവധി ജീവനുകള്‍ നഷ്ടപ്പെട്ടു. ഗാസയിലെ ആശുപത്രിയില്‍ നടന്ന സ്‌ഫോടനം, കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കാനായി മേഖലയിലേയും ലോകത്തേയും നേതാക്കള്‍ ഒരുമിച്ചു നില്‍ക്കേണ്ട സാഹചര്യമാണ് വ്യക്തമാക്കുന്നത്-ഇസ്രയേലിലേക്ക് പുറപ്പെടുന്നതിന് മുന്‍പായി ഋഷി സുനക് പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റ് ഇസ്രയേല്‍ സന്ദര്‍ശനത്തിന് പിന്നാലെയാണ് യുകെ പ്രധാനമന്ത്രിയും എത്തുന്നത്. ഗാസ ആശുപത്രി ആക്രമണത്തിന് പിന്നില്‍ ഇസ്രയേല്‍ അല്ലെന്ന നിലപാടാണ് ബൈഡന്‍ സ്വീകരിച്ചത്. ഇക്കാര്യം ബെഞ്ചമിന്‍ നെതന്യാഹുവുമായി അദ്ദേഹം പങ്കുവയ്ക്കുകയും ചെയ്തു.
ആശുപത്രിയിലെ ആക്രമത്തില്‍ ഇസ്രയേലും ഹമാസും പരസ്പരം പഴിചാരുന്നതിനിടെയാണ്, ഇക്കാര്യത്തില്‍ യുഎസ് ഇസ്രയേലിനെ പിന്തുണച്ചു രംഗത്തുവന്നത്. ടെല്‍ അവീവ് വിമാനത്താവളത്തില്‍ നേരിട്ടെത്തിയാണ് ബെഞ്ചമിന്‍ നെതന്യാഹു ബൈഡനെ സ്വീകരിച്ചത്.