KERALALATEST

സ്‌ക്രീന്‍ ഷെയര്‍ ആപ്പുകളിലൂടെ തട്ടിപ്പ്; മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: സ്‌ക്രീന്‍ ഷെയര്‍ ആപ്പുകളിലൂടെ ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമാകുന്നു. അക്കൗണ്ട് ഉടമയുടെ വിവരങ്ങള്‍ ചോര്‍ത്താനുള്ള പുതുവഴിയാണ് സ്‌ക്രീന്‍ ഷെയര്‍ (സ്‌ക്രീന്‍ പങ്കുവെയ്ക്കല്‍) ആപ്ലിക്കേഷനുകള്‍. ബാങ്കിന്റെയോ മറ്റു സ്ഥാപനങ്ങളുടെയോ പ്രതിനിധികള്‍ എന്ന വ്യാജേന ഫോണ്‍ ചെയ്യുന്നവര്‍ ഉപഭോക്താക്കളെ ചില ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ബന്ധിക്കും. ഇത്തരം കെണിയില്‍ വീഴരുതെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നല്‍കി.

ബാങ്കുകളുടേതിനു സമാനമായ വ്യാജ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്താല്‍ അതിലെ സ്‌ക്രീന്‍ ഷെയറിങ് മാര്‍ഗ്ഗത്തിലൂടെ അക്കൗണ്ട് ഉടമയുടെ വിവരങ്ങള്‍ ശേഖരിച്ചാണ് തട്ടിപ്പ്. സ്‌ക്രീന്‍ ഷെയറിംഗ് സാധ്യമാകുന്ന ഇത്തരം ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് അവ തുറന്നാലുടന്‍ ഫോണിലെ വിവരങ്ങള്‍ തട്ടിപ്പുകാരുടെ കൈകളിലെത്തും. ബാങ്കുകളോ മറ്റ് അംഗീകൃത ധനകാര്യ സ്ഥാപനങ്ങളോ ഉപഭോക്താക്കളോട് വ്യക്തിവിവരങ്ങള്‍ ഫോണിലൂടെ ആവശ്യപ്പെടില്ല എന്ന കാര്യം ഓര്‍മ്മിക്കണമെന്നും കേരള പൊലീസിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

Related Articles

Back to top button