BREAKING NEWSKERALALATEST

ഉച്ചഭക്ഷണ പദ്ധതി ഫണ്ട് വിതരണം: ആരോപണങ്ങള്‍ക്ക് കണക്കുകള്‍ നിരത്തി മന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഫണ്ട് വിതരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും അവാസ്തവം പ്രചരിപ്പിക്കുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന 12,038 സ്‌കൂളുകള്‍ക്ക് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കുടിശ്ശികയൊന്നും നിലവില്‍ നല്‍കുവാനില്ല. സ്‌കൂളുകള്‍ക്ക്, ജൂണ്‍, ജൂലൈ, ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലെ പദ്ധതി നടത്തിപ്പ് ചെലവിനുള്ള തുക പൂര്‍ണ്ണമായും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. നടപ്പ് മാസത്തെ ചെലവുകളുമായി ബന്ധപ്പെട്ട ബില്ലുകളും മറ്റും നവംബര്‍ അഞ്ചിനകമാണ് സ്‌കൂളുകള്‍ അതത് ഉപജില്ല കാര്യാലയങ്ങള്‍ക്ക് സമര്‍പ്പിക്കേണ്ടത്. പ്രസ്തുത ബില്ലുകളും ബന്ധപ്പെട്ട മറ്റ് രേഖകളും പരിശോധിച്ച് നിര്‍ദിഷ്ട സമയപരിധിക്കുളില്‍ തന്നെ അര്‍ഹമായ തുക സ്‌കൂളുകള്‍ക്ക് അനുവദിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.
”ഉച്ചഭക്ഷണം പാചകം ചെയ്യുവാന്‍ സ്‌കൂളുകളില്‍ നിയോഗിച്ചിട്ടുള്ള തൊഴിലാളികള്‍ക്ക് ആഗസ്റ്റ് മാസം വരെയുള്ള വേതനം നല്‍കിയിട്ടുണ്ട്. സെപ്തംബര്‍ മാസത്തെ വേതനം എത്രയും വേഗം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാതിരുന്ന വേനലവധിക്കാലത്ത് പാചകത്തൊഴിലാളികള്‍ക്ക് പ്രതിമാസം 2000 രൂപ വീതം സമാശ്വാസവും ഓണത്തിന് 1300 രൂപ വീതം ഫെസ്റ്റിവല്‍ അലവന്‍സും സംസ്ഥാന സര്‍ക്കാര്‍ നല്‍കുകയുണ്ടായി. കേരളമൊഴികെ മറ്റൊരു സംസ്ഥാനത്തും സ്‌കൂള്‍ വെക്കേഷന്‍ കാലത്ത് ഉച്ചഭക്ഷണ പാചകത്തൊഴിലാളികള്‍ക്ക് ധനസഹായം നല്‍കുന്ന രീതി നിലവിലില്ല. മാത്രവുമല്ല, പാചകത്തൊഴിലാളികള്‍ക്ക് ഏറ്റവും ഉയര്‍ന്ന വേതനം നല്‍കുന്ന സംസ്ഥാനം കൂടിയാണ് കേരളം. കേന്ദ്ര, സംസ്ഥാന വിഹിതങ്ങള്‍ ചേര്‍ത്ത് പ്രതിമാസം 1,000 രൂപ മാത്രം വേതനം നല്‍കുവാനാണ് കേന്ദ്രമാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ നിഷ്‌കര്‍ഷിക്കുന്നത്. എന്നാല്‍ ഒരു തൊഴിലാളിക്ക് പ്രതിമാസം 12,000 രൂപ മുതല്‍ 13,500 രൂപ വരെ സംസ്ഥാന സര്‍ക്കാര്‍ വേതനം നല്‍കിവരുന്നു.”-മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.
സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതിയാണെന്നും മന്ത്രി പറഞ്ഞു. ”നടത്തിപ്പ് ചെലവിന്റെ 60 ശതമാനം വഹിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. എന്നാല്‍, സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട കേന്ദ്രവിഹിതം സമയബന്ധിതമായി നല്‍കുന്നതിലും തുക പൂര്‍ണ്ണമായും അനുവദിക്കുന്നതിലും ഗുരുതരമായ അലംഭാവമാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. പദ്ധതിക്ക് നടപ്പ് വര്‍ഷം കേന്ദ്രവിഹിതമായി സംസ്ഥാനത്തിന് ലഭിക്കേണ്ടത് 284.31 കോടി രൂപയാണ്. ചട്ടങ്ങള്‍ പ്രകാരം ഇത് 60%, 40% എന്നിങ്ങനെ രണ്ട് ഗഡുക്കളായി അനുവദിക്കേണ്ടതാണ്. ഇത് പ്രകാരം, ആദ്യ ഗഡുവായി ലഭിക്കേണ്ടിയിരുന്നത് 170.59 കോടി രൂപയാണ്. ഈ തുക ലഭിച്ചിരുന്നെങ്കില്‍ അതിന്റെ ആനുപാതിക സംസ്ഥാന വിഹിതവും ചേര്‍ത്ത് 268.48 കോടി രൂപ സ്‌കൂളുകള്‍ക്കും മറ്റും അനുവദിക്കുവാനും നവംബര്‍ 30 വരെ പദ്ധതി നടത്തിപ്പ് സുഗമമായി മുന്നോട്ട് കൊണ്ടുപോകുവാനും സാധിക്കുമായിരുന്നു. എന്നാല്‍, അനുവദിക്കേണ്ട 170.59 കോടി രൂപയുടെ സ്ഥാനത്ത് ആദ്യ ഗഡുവായി കേന്ദ്രസര്‍ക്കാര്‍ നല്‍കിയിയത് 54.17 കോടി രൂപ മാത്രമാണ്.” അത് അനുവദിച്ചതാകട്ടെ സെപ്തംബര്‍ മാസം ഒടുവിലാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
”കേന്ദ്രവിഹിതമായ 54.17 കോടി രൂപയുടെ ആനുപാതിക സംസ്ഥാന വിഹിതം 30.99 കോടി രൂപയാണ്. എന്നാല്‍, ഇതിന് പകരം 172.14 കോടി രൂപയാണ് സംസ്ഥാന വിഹിതമായി സര്‍ക്കാര്‍ അനുവദിച്ചത്. ഇതിന്റെ ഫലമായാണ് സ്‌കൂളുകള്‍ക്ക് സെപ്തംബര്‍ വരെയുള്ള തുകയും പാചകത്തൊഴിലാളികള്‍ക്ക് ആഗസ്റ്റ് മാസം വരെയുള്ള വേതനം നല്‍കുവാന്‍ സാധിച്ചത്.” കേന്ദ്രാവഗണനയ്ക്കിടയിലും ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതി തടസ്സപ്പെടാതെ മുന്നോട്ടു കൊണ്ടുപോകുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ചെലുത്തുന്ന ജാഗ്രതയും പരിശ്രമവും പൊതുസമൂഹം തിരിച്ചറിയുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Back to top button