KERALALATEST

കോട്ടയം സീറ്റിനുറച്ച് പിജെ ജോസഫ് വിഭാഗം; കൈപ്പത്തി തന്നെ വേണമെന്ന് പ്രാദേശിക നേതൃത്വം

ലോക്സഭ തെരഞ്ഞെടുപ്പ് ചർച്ചകൾ ആരംഭിക്കുന്നതിനുമുന്നേ തന്നെ യുഡിഎഫിൽ ചർച്ചയായി കോട്ടയം സീറ്റ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എം മത്സരിച്ച സീറ്റ് ഇത്തവണ ജോസഫ് ഗ്രൂപ്പിന് നൽകുമോ അതോ കോൺഗ്രസ് ഏറ്റെടുക്കുമോയെന്ന ചർച്ചകളാണ് നിലവിൽ ഉയരുന്നത്. മാണി ഗ്രൂപ്പ് യുഡിഎഫ് വിട്ടതിനാൽ സീറ്റ് തങ്ങൾക്ക് വേണമെന്നാണ് ജോസഫ് ഗ്രൂപ്പ് പറയുന്നത്. എന്നാൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചാൽ വിജയ സാധ്യതയുണ്ടെന്നാണ് കോൺഗ്രസ് പ്രാദേശിക നേതൃത്വം അവകാശപ്പെടുന്നത്.

മുതിർന്ന കോൺഗ്രസ് നേതാക്കൾ ആരെങ്കിലും കൈപ്പത്തി ചിഹ്നത്തിൽ മണ്ഡലത്തിൽ മത്സരിക്കണമെന്നാണ് കോൺഗ്രസ് പ്രാദേശിക നേതൃത്വം ചൂണ്ടിക്കാണിക്കുന്നത്. ഇക്കാര്യം കെപിസിസി നേതൃത്വത്തെ ഇവർ അറിയിച്ചിട്ടുണ്ട്. ജോസഫ് ഗ്രൂപ്പിന് കോട്ടയം സീറ്റ് നൽകുന്നത് അബദ്ധമാകും. ശക്തനായ സ്ഥാനാർഥിയെ അവതരിപ്പിച്ച് മണ്ഡലം പിടിച്ചെടുക്കുകയാണ് വേണ്ടതെന്നും ഇവർ പറയുന്നു.

മുമ്പും പാർലമെന്‍റിലേക്ക് മത്സരിച്ചവരാണ് തങ്ങളെന്നും കോട്ടയം സീറ്റ് വേണമെന്നുമാണ് കേരള കോൺഗ്രസ്‌ വർക്കിങ് ചെയർമാൻ പിസി തോമസ്‌ അവകാശപ്പെടുന്നത്. യുഡിഎഫ് യോഗത്തിൽ തങ്ങൾ ഇക്കാര്യം ഉന്നയിക്കുമെന്നും പിസി തോമസ് പറയുന്നു. പിജെ ജോസഫിനെ തന്നെ കോട്ടയത്ത് മത്സരിപ്പിക്കാൻ നീക്കം നടക്കുന്നുണ്ട്. അദ്ദേഹം തയ്യാറാകുന്നില്ലെങ്കിൽ പിസി തോമസോ ഫ്രാൻസിസ്‌ ജോർജോ ആകും ജനവിധി തേടുക.

Related Articles

Back to top button