BREAKING NEWSNATIONAL

ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി മോദി, അയോധ്യ രാമക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠ 2024 ജനുവരി 22ന്

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠയുടെ തീയതിയുടെ കാര്യത്തില്‍ സ്ഥിരീകരണമായി. 2024 ജനുവരി 22 നാകും അയോധ്യ രാമക്ഷേത്രത്തില്‍ വിഗ്രഹ പ്രതിഷ്ഠ നടത്തുക. ചടങ്ങില്‍ പങ്കെടുക്കണമെന്നുള്ള ശ്രീറാം ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിന്റെ ക്ഷണം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചതോടെയാണ് വിഗ്രഹ പ്രതിഷ്ഠ തീയതിയില്‍ സ്ഥിരീകരണമായത്. ശ്രീറാം ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിന്റെ പ്രതിനിധികള്‍ പ്രധാനമന്ത്രിയെ ഒരിക്കല്‍ കൂടെ കണ്ടിരുന്നു.
വിഗ്രഹ പ്രതിഷ്ഠ ചടങ്ങിലേക്ക് ക്ഷണിക്കാന്‍ വേണ്ടിയായിരുന്നു സന്ദര്‍ശനം. അതേസമയം, വിഗ്രഹപ്രതിഷ്ഠ ചടങ്ങിനോട് അനുബന്ധിച്ച് പ്രധാനമന്ത്രി അഞ്ച് ദിവസം അയോധ്യയില്‍ തങ്ങുമെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ജനുവരി 20 മുതല്‍ 24 വരെയാകും പ്രധാനമന്ത്രി അയോധ്യയില്‍ തങ്ങുക. അതേസമയം, അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണയും നിര്‍മ്മാണത്തിനായി ലഭിച്ച സംഭാവനകളെക്കുറിച്ചും നേരത്തെ ശ്രീറാം ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിന്റെ ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര തുറന്ന് പറഞ്ഞിരുന്നു.
അയോധ്യയില്‍ രാമക്ഷേത്രം പൂര്‍ത്തിയാവുന്നത് ഒരു വാസ്തുവിദ്യയുടെ നേട്ടം മാത്രമല്ല, ഈ ചരിത്ര യാത്രയെ മുന്നില്‍ നയിച്ച വിശ്വാസത്തിന്റെയും ദൈവിക ഇടപെടലിന്റെയും തെളിവ് കൂടിയാണെന്ന് പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടിയായിരുന്ന നൃപേന്ദ്ര മിശ്ര പറയുന്നു. രാം മന്ദിര്‍ അതിന്റെ പൂര്‍ത്തീകരണത്തിലേക്ക് അടുക്കുമ്പോള്‍, നിര്‍മ്മാണ വേളയില്‍ നേരിട്ട വിവിധ വെല്ലുവിളികളെയെല്ലാം അതിജീവിക്കുന്നതില്‍ ഒരു ദൈവിക ഇടപെടലുണ്ടായിരുന്നുവെന്ന് മിശ്ര ആവര്‍ത്തിച്ച് പറഞ്ഞു

Related Articles

Back to top button