BREAKING NEWSWORLD

യൂറോപ്പില്‍ സ്വപ്നം പോലൊരു ഗ്രാമം വില്‍പ്പനയ്ക്ക്; വിലയും ‘തുച്ഛം’

തെക്കുകിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ റൊമാനിയയില്‍ ഒരു ഗ്രാമം മുഴുവനും വില്‍പ്പനയ്ക്കുണ്ട്, വിലയെക്കുറിച്ച് ആശങ്ക വേണ്ട കാരണം, അതിന്റെ വില മെട്രോപൊളിറ്റന്‍ ഇന്ത്യന്‍ നഗരത്തിലെ ഏതെങ്കിലും പോഷ് ഏരിയയില്‍ കാണപ്പെടുന്ന ഒരു ബംഗ്ലാവിനേക്കാളും വളരെ കുറവാണ്. റൊമാനിയന്‍ ഗ്രാമമായ ഫെറെസ്റ്റിയാണ് (Feresti) ലേല കമ്പനിയായ സോഥെബിയില്‍ (Sotheby) വില്‍പ്പനയ്ക്കായി വച്ചിരിക്കുന്ന ഗ്രാമം.സോത്ത്‌ബൈസ് ഇന്റര്‍നാഷണല്‍ റിയാലിറ്റിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഈ മനോഹരമായ ഗ്രാമം പരമ്പരാഗത റൊമാനിയന്‍ വാസ്തുവിദ്യയുടെയും ആധുനിക സൗകര്യങ്ങളുടെയും ആകര്‍ഷകമായ മിശ്രിതമാണ്. ഇനി ഈ മനോഹര ഗ്രാമത്തിന്റെ വില എത്രയാണെന്ന് അറിയണ്ടേ? 797,872 ഡോളറിന് അതായത് 6,62,69,373 ഇന്ത്യന്‍ രൂപയ്ക്കാണ് ഫെറെസ്റ്റി വില്‍പ്പനയ്ക്കായി ലേല സൈറ്റില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ലേല സൈറ്റില്‍ ഈ ഗ്രാമത്തില്‍ നല്‍കിയിരിക്കുന്ന വിശേഷണം ഇങ്ങനെയാണ്; ‘റൊമാനിയന്‍ പാരമ്പര്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്ന സ്ഥലമായ ഫെറെസ്റ്റിയില്‍, നാടോടി വസ്ത്രങ്ങള്‍ അഭിമാനത്തോടെ ധരിക്കുകയും, പരമ്പരാഗത നിര്‍മ്മാണ ശൈലിയില്‍ നിര്‍മ്മിച്ച വീടുകള്‍ പാരമ്പര്യത്തിന്റെ കഥ പറയുകയും ചെയ്യും. 2,400 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ഒരു കൊച്ചു ഗ്രാമമാണ് ഇത്. ഇവിടെ ശ്രദ്ധാപൂര്‍വം പുനഃസ്ഥാപിച്ച അഞ്ച് വീടുകള്‍, സ്റ്റര്‍ജന്‍, കരിമീന്‍, ട്രൗട്ട് എന്നിവയുള്ള ഒരു കുളം, കല്ല് കൊണ്ട് നിര്‍മ്മിച്ച ഒരു സ്റ്റോര്‍റൂം, മരത്തടി പവലിയന്‍, ഒരു ഹോട്ട് ടബ്, ഒരു ബാര്‍ബിക്യൂ സോണ്‍ എന്നിവയുണ്ട്.’ തിരക്കുകളില്‍ നിന്നും മാറി ശാന്തമായ അന്തരീക്ഷത്തില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമായാണ് ലേല കമ്പനി ഫെറെസ്റ്റിയെ വിശേഷിപ്പിക്കുന്നത്. എന്താ ഒരു കൈ നോക്കാന്‍ താത്പര്യമുണ്ടോ?

Related Articles

Back to top button