ന്യൂഡല്‍ഹി: ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യയോട് ഇസ്രയേല്‍. ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡര്‍ നോര്‍ ഗിലോണ്‍ ആണ് ഈ ആവശ്യം ഉന്നയിച്ചത്. ഹമാസിനെതിരായ യുദ്ധത്തില്‍ ഇന്ത്യ നല്‍കുന്ന പിന്തുണയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇസ്രയേല്‍ അംബാസഡര്‍ നന്ദി പറഞ്ഞു.
ഇസ്രയേലിന് 100 ശതമാനം പിന്തുണയാണ് മോദി നല്‍കുന്നത്. ഇത് ഭീകരവാദത്തിനുള്ള ശക്തമായ മുന്നറിയിപ്പാണ്. ഇന്ത്യ വളരെ വേണ്ടപ്പെട്ട രാജ്യമാണ്. ലോകത്ത് ധാര്‍മ്മികതയുടെ ശബ്ദമാണ് ഇന്ത്യയുടേതെന്നും ഇസ്രേയേല്‍ അംബാസഡര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇസ്രയേൽ – ഹമാസ് യുദ്ധത്തിൽ സാധാരണക്കാരുടെ ജീവൻ വൻതോതിൽ പൊലിയുന്നതിൽ യുഎൻ രക്ഷാസമിതിയിൽ ഇന്ത്യ ആശങ്ക അറിയിച്ചു. സമാധാനാന്തരീക്ഷം വീണ്ടെടുക്കാനും നേർക്കുനേർ ചർച്ചയ്ക്കു വഴിയൊരുക്കാനും ഇരുപക്ഷവും തയാറാകണമെന്ന് യുഎന്നിലെ ഇന്ത്യൻ പ്രതിനിധി ആർ രവീന്ദ്ര ആവശ്യപ്പെട്ടു.
ഒക്ടോബർ 7ലെ ഹമാസ് ആക്രമണത്തെ ഇന്ത്യൻ പ്രതിനിധി അപലപിച്ചു. ഇസ്രയേലും പലസ്തീനും സമാധാനത്തോടെ കഴിയുന്ന ദ്വിരാഷ്ട്ര ഫോർമുലയാണ് ഇന്ത്യ എക്കാലത്തും മുന്നോട്ടുവയ്ക്കുന്നതെന്നും യുഎന്നിലെ ഇന്ത്യൻ പ്രതിനിധി ആർ രവീന്ദ്ര പറഞ്ഞു.