ENTERTAINMENTKERALALATESTMALAYALAM

കലാ സംവിധായകന്‍ സാബു പ്രവദാസ് വാഹനാപകടത്തില്‍ മരിച്ചു

തിരുവനന്തപുരം: കലാ സംവിധായകനും ചലച്ചിത്ര ഗവേഷകനുമായ സാബു പ്രവദാസ് അന്തരിച്ചു. പത്ത് ദിവസം മുന്‍പ് തിരുവനന്തപുരത്തുണ്ടായ വാഹന അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്ന അദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് അന്ത്യം. രാജാവിന്റെ മകന്‍, മനു അങ്കിള്‍ , കാട്ടുകുതിര, വഴിയോരക്കാഴ്ചകള്‍, പത്രം, ലേലം, റണ്‍ ബേബി റണ്‍, അമൃതം, പാര്‍വ്വതീ പരിണയം, ഒറ്റയടിപ്പാതകള്‍, ഫസ്റ്റ് ബെല്‍ തുടങ്ങിയ ചിത്രങ്ങളുടെ കലാസംവിധായകനായിരുന്നു.
മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് സാബു പ്രവദാസ് ലഭിച്ചിരുന്നു. പുനഃസ്ഥാപനം എന്ന നവേന്ദ്രജാലം എന്ന പുസ്തകത്തിനായിരുന്നു പുരസ്‌കാരം. ഐ.എഫ്.എഫ്.കെ. അടക്കമുള്ള ചലച്ചിത്രമേളകളുടെ ഡിസൈനറായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫെഫ്ക പബ്ലിസിറ്റി ഡിസൈനേഴ്സ് യൂണിയന്‍ സ്ഥാപക നേതാവാണ്. എറണാകുളത്തെ പ്രവദ സ്റ്റുഡിയോ ഉടമ പ്രവദ സുകുമാരന്റെ മകനാണ്. നിശ്ചലഛായാഗ്രാഹകന്‍ അമ്പിളി പ്രവദ സഹോദരനും പ്രശസ്ത സംവിധായകനായിരുന്ന പി.ജി. വിശ്വംഭരന്‍ സഹോദരീഭര്‍ത്താവും ആണ്.

Related Articles

Back to top button